Module 2

ക്ഷയരോഗാണുബാധ:

ക്ഷയരോഗാണുബാധയെ രണ്ടായി തിരിക്കാം - ആക്റ്റീവ് (Active) ടി.ബി എന്നും ലേറ്റന്റ് (Latent) ടി.ബി എന്നും. ആകെ ജനസംഖ്യയുടെ, മൂന്നിൽ ഒരു ഭാഗം ആളുകളുടെ ശരീരത്തിലെങ്കിലും മറ്റു ക്ഷയരോഗികളിൽ നിന്നും ക്ഷയരോഗാണു എത്തിച്ചേർന്നിട്ടുണ്ടാവും, ഇതിനെയാണ് ലേറ്റന്റ് അണുബാധ എന്ന് പറയുന്നത്. യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത ഈ ക്ഷയാണുബാധ മറ്റുള്ളവരിലേക്ക് പകരുകയില്ല. Tuberculin ടെസ്റ്റ് എന്ന തൊലിപ്പുറത്തു നടത്തുന്ന പരിശോധന ഇവരിൽ പോസിറ്റീവ് ആയിരിക്കും. എന്നാൽ ഇവരിൽ അഞ്ചു മുതൽ പത്ത് ശതമാനം വരെ വ്യക്തികളിൽ മാത്രമേ,അവരുടെ ജീവിത കാലയളവിൽ, ക്ഷയരോഗാണുക്കൾ പെറ്റുപെരുകി, ലക്ഷണങ്ങളോടുകൂടിയ ക്ഷയരോഗം പ്രകടമാവുകയുള്ളൂ. ഇതിനെയാണ് ആക്ടീവ് ടിബി എന്ന് പറയുന്നത്.

ഇങ്ങനെ ഉണ്ടാവുന്ന ആക്ടീവ് ക്ഷയരോഗത്തെ പ്രധാനമായും രണ്ടായി തിരിക്കാം ശ്വാസകോശ ക്ഷയരോഗവും (pulmonary TB) ശ്വാസകോശ ഇതര ക്ഷയരോഗവും (Extra pulmonary TB).

• ശ്വാസകോശ ക്ഷയരോഗം :-

സാധാരണയായി ശ്വാസകോശത്തെ ബാധിക്കുന്ന രോഗാണുബാധയായാണ് ക്ഷയരോഗം കാണപ്പെടുന്നത്. ഇതിനെ തന്നെ രണ്ടായി തിരിക്കാം 

- കഫത്തിൽ ക്ഷയരോഗാണു ഉള്ളതും (sputum positive TB)

- കഫത്തിൽ ക്ഷയരോഗാണു ഇല്ലാത്തതും (sputum negative TB)

 കഫ പരിശോധനയിൽ മൈകോബാക്ടീരിയം രോഗാണുവിനെ കണ്ടെത്താൻ സാധിക്കുന്ന (sputum positive) തരം ക്ഷയരോഗമാണ് മറ്റൊരു വ്യക്തിയിലേക്ക് പകരാൻ ഏറ്റവും സാധ്യതയുള്ളത്. കഫത്തിൽ ക്ഷയരോഗാണു ഇല്ലാത്തതും, എക്‌സ്‌റേയിലോ വിദഗ്ധ ഡോക്ടറുടെ നിർണ്ണയത്തിലൂടെ കണ്ടെത്തുന്ന തരം ശ്വാസകോശരോഗമാണ് sputum നെഗറ്റീവ് പൾമണറി ടി ബി. ഇത് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത തീരെ കുറവാണ്.

  

• ശ്വാസകോശേതര ക്ഷയരോഗം:-

ശ്വാസകോശമല്ലാത്ത മറ്റ് അവയവങ്ങളെ ബാധിക്കുന്ന തരം ക്ഷയരോഗമാണിത്. കുടൽ, നട്ടെല്ല്, കഴലകൾ (lymph node), തലച്ചോർ, തലച്ചോറിലെ ആവരണം (meninges), തൊലിപ്പുറം എന്നിങ്ങനെ പല അവയവങ്ങളെയും ക്ഷയരോഗം ബാധിക്കാം. ഇത്തരത്തിലുള്ള ക്ഷയരോഗം മറ്റ് വ്യക്തികളിലേക്ക് പകരാനുള്ള സാധ്യത തീരെക്കുറവാണ്.

ഇനി മരുന്നുകളോടുള്ള പ്രതികരണത്തിനെ ആസ്പദമാക്കി ക്ഷയരോഗത്തെ തരംതിരിക്കാം. ക്ഷയരോഗത്തിനെതിരെ ആദ്യനിര മരുന്നുകളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ക്ഷയരോഗാണു പ്രതികരിക്കാതെ വരുന്നത് രോഗം മോണോ റെസിസ്റ്റന്റ് ടിബി (mono drug resistant) എന്നും,

ടി.ബി. യ്ക്കെതിരെയുള്ള രണ്ട് തരം മരുന്നുകൾക്ക് പ്രതികരിക്കാതെ വരുന്നതിനു മൾട്ടിഡ്രഗ്റെസിസ്റ്റന്റ് ടിബി (MDR TB) എന്നും, കൂടുതൽ മരുന്നുകൾക്കും, കുത്തിവയ്ക്കുന്ന ഒരു മരുന്നിനെങ്കിലും പ്രതികരിക്കാത്ത ഗുരുതരമായ അവസ്ഥയ്ക്ക് എക്സ്ടെൻസീവ്‌ലി ഡ്രഗ് റെസിസ്റ്റന്റ് ടിബി (XDR TB) എന്നും പറയുന്നു. 

രോഗലക്ഷണങ്ങൾ

ക്ഷയരോഗത്തിന് സാധാരണയായി കണ്ടുവരാറുള്ള ലക്ഷണങ്ങൾ 

• നീണ്ടുനിൽക്കുന്ന ചുമ - രണ്ടുമൂന്നാഴ്ചയിലധികം നിൽക്കുന്ന ചുമകളെല്ലാം പരിശോധിക്കേണ്ടതാണ്

• ശരീരഭാരം കുറയുക 

• നെഞ്ച് വേദന

• വിശപ്പില്ലായ്മ 

• നീണ്ടുനിൽക്കുന്ന പനി - പ്രത്യേകിച്ചും വൈകുന്നേരങ്ങളിൽ ഉയരുന്ന ശരീര താപവും, വിയർപ്പും

•   രക്തം കലർന്ന കഫം

•  ശരീരത്തിലെ മുഴകൾ, കഴലവീക്കം

  

   മാറാതെ നീണ്ടുനിൽക്കുന്ന നടുവേദനയ്ക്ക് ക്ഷയരോഗത്തിന്റെ സാധ്യത കൂടി പരിഗണിക്കണം. ശരീരത്തിൽ അവിടിവിടങ്ങളിൽ കാണാറുള്ള വേദനയില്ലാത്ത മുഴകൾ, കഴലവീക്കം എന്നിവ ലിംഫ് നോട് (lymph node TB) ടിബിയുടെ ലക്ഷണമാവാം.

    

രോഗനിർണ്ണയം

ക്ഷയരോഗനിർണയത്തിനുള്ള പല നൂതന സാങ്കേതികവിദ്യകളും ഇന്ന് സർക്കാർ സംവിധാനത്തിൽ തന്നെ നമുക്ക് ലഭ്യമാണ്. ഏറ്റവും പ്രാഥമികമായി,കഫത്തിന്റെ മൈക്രോസ്കോപ്പിക് പരിശോധനയാണ് ചെയ്യേണ്ടത്.പ്രത്യേകമായ സ്റ്റെയിനിങ് പ്രക്രിയയിലൂടെ (AFB staining) കഫത്തിലെ ക്ഷയരോഗാണുവിനെ കണ്ടുപിടിക്കാൻ സാധിക്കും. എക്‌സ്‌റേ, സി.ടി. സ്കാൻ എന്നീ പരിശോധനകളിലൂടെയും നെഞ്ചിലെ ക്ഷയം ഒരു ഡോക്ടർക്ക് നിർണയിക്കാൻ സാധിക്കും.സി.ബി.നാറ്റ് (CB NAAT) എന്ന നൂതനസാങ്കേതിക വിദ്യയിലൂടെ കഫത്തിലെയോ, മറ്റു ശരീരസ്രവങ്ങളിലെയോ ക്ഷയരോഗാണുവിനെ കണ്ടെത്തി രോഗനിർണ്ണയം നടത്താനുള്ള സംവിധാനവുമിന്നുണ്ട്

മുഴകൾ, കഴലകൾ എന്നിവയിൽ ചെറിയ സൂചികൊണ്ട് കുത്തിയെടുത്ത് പരിശോധിക്കുന്ന എഫ്‌.എൻ.എ.സി പരിശോധന വഴിയോ ബയോപ്സി വഴിയോ ക്ഷയരോഗം കണ്ടെത്താനാവും .അൾട്രാസൗണ്ട് സ്‌കാനിംഗ്, എം.ആർ.ഐ. എന്നിവയും ഉദരം, തലച്ചോർ എന്നിവയെ ബാധിക്കുന്ന ടിബി കണ്ടെത്താൻ സഹായകമാണ്. നട്ടെല്ലിൽ നിന്നും നീരു കുത്തിയെടുത്തുള്ള പരിശോധന തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന ടി.ബി കണ്ടെത്താൻ ഉപയോഗിക്കുന്നു. ഉദരത്തിന്റെയോ ശ്വാസകോശത്തിന്റെയോ ആവരണത്തിൽ നിന്നും നീര് കുത്തിയെടുത്ത് പരിശോധിക്കുന്നതിലൂടെ ശ്വാസകോശേതര ക്ഷയ രോഗം നിർണയിക്കാൻ സാധിക്കും. ക്ഷയം ബാധിച്ചിരിക്കുന്ന ശരീരഭാഗങ്ങളുടെ ബയോപ്സി സ്ഥിരീകരണ പരിശോധനയായി കണക്കാക്കപ്പെടുന്നു.

കുട്ടികളിൽ രോഗനിർണയത്തിന് മാന്റോ ടെസ്റ്റ് (Mantoux) പലപ്പോഴും ഉപയോഗിക്കാറുണ്ട്. ട്യൂബർകുലിൻ എന്ന പ്രോട്ടീൻ ഉൽപന്നം കയ്യിലെ തൊലിപ്പുറത്ത് കുത്തിവെച്ച്, രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽ തൊലിപ്പുറത്തുണ്ടാകുന്ന വ്യത്യാസം നോക്കിയാണ് ഇതിൻറെ ഫലം വ്യാഖ്യാനിക്കുന്നത്. ഒരു മുതിർന്ന ക്ഷയ രോഗിയുമായി അടുത്തിടപഴകുന്ന കുട്ടികളിൽ ക്ഷയത്തിന്റെ മറ്റു ലക്ഷണങ്ങൾക്കൊപ്പം മാന്റോ പോസിറ്റീവ് ഫലം കൂടിയുണ്ടെങ്കിൽ ക്ഷയരോഗം നിർണ്ണയിക്കാൻ ഡോക്ടർക്ക് സാധിക്കും. രക്തപരിശോധനയും നെഞ്ചിന്റെ എക്സറെയും പലപ്പോഴും ഇതിന് സഹായകമാകും.

കഫത്തിന്റെ കൾച്ചർ ടെസ്റ്റ്, മരുന്നിനോടുള്ള പ്രതികരണം നിർണയിക്കുന്ന പരിശോധനകൾ എന്നിവയും ആവശ്യമുള്ള രോഗികളിൽ നടത്താറുണ്ട്. സംസ്ഥാന ടി.ബി ലാബിൽ ഇതിനുള്ള സർവ്വ സംവിധാനങ്ങളും ലഭ്യമാണ്.

ക്ഷയരോഗത്തിന്റെ ചികിത്സാരീതി, മരുന്നുകൾ പ്രതിരോധ മാർഗങ്ങൾ എന്നിവ അടുത്ത ഭാഗത്തിൽ.

Complete and Continue  
Discussion

0 comments