Module 1
ക്ഷയരോഗം പുരാതനകാലം മുതലേ മനുഷ്യവംശത്തെ ബാധിച്ചിരുന്ന പകർച്ചവ്യാധിയാണ്. പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗമുണ്ടാക്കുന്നത് മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ്. ശ്വാസകോശത്തെ കൂടാതെ, കുടൽ, എല്ലുകൾ സന്ധികൾ, തൊലി, തലച്ചോറിൻ്റെ ആവരണം (മെനിഞ്ചസ്) എന്നിങ്ങനെ പല ശരീരഭാഗങ്ങളളെയും ക്ഷയം ബാധിക്കാം. ക്ഷയം ഉണ്ടാക്കുന്ന രോഗാണുവിനെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ട് ഒരു നൂറ്റാണ്ടിലേറെയായിരിക്കുന്നു. ഫലപ്രദമായ ചികിത്സയും വാക്സിനും ലഭ്യമായിട്ടും, ഇന്നും ലോകത്തിലെ ഒരു പ്രധാന പൊതുജനാരോഗ്യപ്രശ്നമായി ക്ഷയരോഗം തുടരുന്നു. ലോകരാജ്യങ്ങളിൽ, എല്ലാവർഷവും ഏറ്റവും കൂടുതൽ ക്ഷയരോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് നമ്മുടെ രാജ്യത്തു നിന്നാണ്.
ബി.സി. 2400ലേത് എന്നു അനുമാനിക്കപ്പെടുന്ന ഈജിപ്ഷ്യൻ മമ്മികളിൽ, എല്ലുകളിൽ ക്ഷയരോഗബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പുരാതന ഗ്രീക്-റോമൻ ലിഖിതങ്ങളിലും ക്ഷയരോഗ ലക്ഷണങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ട്.
മധ്യയുഗത്തിൽ, യൂറോപ്പിൽ അനേകമാളുകൾ ക്ഷയരോഗം മൂലം മരണപ്പെട്ടിരുന്നു. 'രാജസ്പർശം' അല്ലെങ്കിൽ 'റോയൽ ടച്ച്' ക്ഷയരോഗം പൂർണ്ണമായി സുഖപ്പെടുത്തും എന്നു അന്നുള്ളവർ വിശ്വസിച്ചുപോന്നു. യൂറോപ്പിൽ, രാജ്യം ഭരിച്ചിരുന്ന രാജാക്കൻമാരുടെ സ്പർശനത്തിലൂടെ സൗഖ്യം ലഭിക്കുമെന്നു വിശ്വസിച്ച്, ക്ഷയരോഗികൾ പൊതുസ്‌ഥലങ്ങളിൽ അവരെ കാത്തു നിൽക്കുമായിരുന്നു. ഒരേ സമയം 1500-റോളം പേർക്ക് 'രാജസ്പർശം' നൽകിയ രാജാവായിരുന്നു, ആ കാലഘട്ടത്തിലെ ഫ്രാൻസിലെ ഹെൻറി നാലാമൻ. ക്ഷയരോഗം ഒരു പകർച്ചവ്യാധി ആണെന്നുള്ള ധാരണ അന്നില്ല.
പതിനെട്ടാം നൂറ്റാണ്ടിൽ, ക്ഷയരോഗം യൂറോപ്പിലെ പല ഭാഗങ്ങളിലും പടർന്നുപിടിച്ചു. ക്ഷയം മൂലം യുവാക്കളിൽ പോലും ഉയർന്ന മരണ നിരക്ക് രേഖപ്പെടുത്തിയിരുന്നു. വ്യവസായ വിപ്ലവത്തിൻ്റെ കാലഘട്ടത്തിൽ, തിങ്ങിക്കൂടിയ പാർപ്പിടങ്ങളിൽ, വായുസഞ്ചാരത്തിൻ്റെയും ശുചിത്വത്തിൻ്റെയും അഭാവത്തിൽ, ക്ഷയരോഗം സർവ്വസാധാരണമായി. 1880-കളിലാണ് റോബർട്ട് കോക്ക് ക്ഷയം ഉണ്ടാക്കുന്ന ബാക്ടീരിയയെ വേർതിരിച്ച് കണ്ടെത്തിയത്. കോക്ക്‌സ് ഡിസീസ് (Koch's disease) എന്ന് ക്ഷയം ഇന്നും അറിയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടോടെ ഇന്ത്യയിലും ക്ഷയരോഗം പ്രബലമായി.
ക്ഷയരോഗത്തിന് കൃത്യമായ മരുന്ന് അന്ന് കണ്ടു പിടിച്ചിരുന്നില്ല. നല്ല ഭക്ഷണവും വായുസഞ്ചാരവുമുള്ള ആരോഗ്യ മന്ദിരങ്ങളിൽ രോഗികളെ നീണ്ടകാലത്തേക്ക് മാറ്റിപ്പാർപ്പിക്കുക എന്നതായിരുന്നു ആദ്യ ചികിത്സാരീതി. സാനറ്റോറിയം (sanatorium) ചികിത്സ എന്നറിയപ്പെടുന്ന ഈ രീതി, നമ്മുടെ നാട്ടിലും സ്വീകരിച്ചിരുന്നു. വലിയ മാവിൻതോട്ടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും കെട്ടിടങ്ങളുണ്ടാക്കി ക്ഷയരോഗികളെ ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ പകുതിയോടെയാണ് ഫലപ്രദമായ മരുന്നുകൾ ഇതിനെതിരെ ശാസ്ത്രലോകം വികസിപ്പിച്ചെടുത്തത്. ശരിയായ ചികിത്സയിലൂടെ മാസങ്ങൾക്കുള്ളിൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്ന ഒരു രോഗമായി ഇന്ന് ക്ഷയരോഗം മാറിയിരിക്കുന്നു.
രോഗമുണ്ടാകുന്ന രീതി
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണു ശ്വാസകോശ-ക്ഷയ രോഗമുള്ള രോഗികളിൽനിന്ന് മറ്റ് വ്യക്തികളിലേക്ക് പകരുന്നു. ക്ഷയരോഗികൾ ചുമയ്ക്കുമ്പോൾ അന്തരീക്ഷത്തിലെത്തുന്ന ചെറു കണങ്ങളിലൂടെയാണ് രോഗാണുക്കൾ പകരുന്നത്. ഈ ചെറുകണങ്ങളിലെ രോഗാണുക്കൾ, ഇത് ശ്വസിക്കുന്ന വ്യക്തികളുടെ ശ്വാസകോശത്തിൽ എത്തുകയും പിന്നീട് പെരുകുകയും ചെയ്യുന്നു. ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞിട്ടാകാം ക്ഷയരോഗം ഇവരിൽ ഉണ്ടാകുന്നത്. ആദ്യ രോഗിയുടെ കഫത്തിലെ ക്ഷയരോഗാണുവിൻ്റെ തോത്, രോഗിയുമായി എത്രത്തോളം സമയം അടുത്തിടപഴകി എന്നീ ഘടകങ്ങൾക്കു പുറമേ വ്യക്തികളുടെ പ്രതിരോധശക്തി എന്നതിനെയും ആശ്രയിച്ചിരിക്കും ക്ഷയ രോഗം മറ്റൊരാളിൽ വരാനുള്ള സാധ്യത. കൃത്യമായ ചികിത്സ എടുക്കുന്ന ക്ഷയരോഗിയിൽനിന്ന് രണ്ടാഴ്ച കൊണ്ട് തന്നെ രോഗം മറ്റൊരാൾക്ക് പകരാനുള്ള സാധ്യത ഇല്ലാതാകും. ശ്വാസകോശത്തെയല്ലാതെ, മറ്റ് അവയവങ്ങളെ ബാധിക്കുന്ന ക്ഷയം, വേറെ വ്യക്തികളിലേക്ക് പകരാനുള്ള സാധ്യത തീരെ കുറവാണ്. രോഗി ഉപയോഗിച്ച വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കുന്നത് കൊണ്ട് രോഗം പകരുകയില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പുരുഷന്മാരിലാണ് സ്ത്രീകളേക്കാളും അധികം ക്ഷയരോഗം കണ്ടുവരുന്നത്. ആവശ്യത്തിന് വായുസഞ്ചാരമില്ലാത്ത, ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ക്ഷയരോഗം പെട്ടെന്ന് പടരാനിടയുണ്ട്.
നാൽക്കാലികളിൽ കാണുന്ന ബൊവൈൻ ടിബി ആണ് ക്ഷയത്തിൻ്റെ മറ്റൊരു സ്രോതസ്സ്. ഇതുണ്ടാക്കുന്നത് മൈകോബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയയാണ്. അപൂർവമായി ഇത് നാൽക്കാലികൾ നിന്നും മനുഷ്യരിലേക്ക് പകർന്നേക്കാം.
രോഗമുള്ള നാൽക്കാലികളുമായി അടുത്തിടപഴകേണ്ടി വരുമ്പോൾ ശ്വസിക്കുന്ന ചെറുകണങ്ങളിലൂടെയോ, അറവുശാലകളിൽ നിന്നോ, തിളപ്പിക്കാത്തതോ പാസ്ചറൈസ് ചെയ്യാത്തതോ ആയ പാൽ കുടിക്കുന്നതിലൂടെയോ ഈ ക്ഷയം മനുഷ്യരിലേക്ക് പകരാനിടയുണ്ട്.
0 comments