Module-5


വിഷാദരോഗം–അറിയേണ്ടതെല്ലാം

മോഡ്യൂള്‍ 5

5.1– ആമുഖം

വിഷാദരോഗത്തിനു കാരണം മസ്തിഷ്ക പ്രവര്‍ത്തന വൈകല്യങ്ങളാണ് എന്ന് വിശ്വസിക്കപ്പെടുന്നത് പോലെ തന്നെ വിഷാദ രോഗ കാരണങ്ങളെ കുറിച്ച് ചില മനശ്ശാസ്ത്ര സിദ്ധാന്തങ്ങളുമുണ്ട്.

“പണ്ടും മുന്‍പും” സംഭവിച്ച ജീവിതാനുഭവങ്ങള്‍ക്ക് വിഷാദ രോഗവുമായി ബന്ധമുണ്ടെന്ന് പല ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി ഒട്ടേറെ മനശ്ശാസ്ത്ര ചികിത്സാരീതികളും നിലവിലുണ്ട്.കോഗ്നിറ്റീവ്ബീഹേവിയറല്‍ സിദ്ധാന്തമാണ് വിഷാദ രോഗചികിത്സയ്ക്കുള്ള മനശ്ശാസ്ത്ര ചികിത്സയില്‍ ഏറ്റവും പ്രശസ്തവും പ്രധാനപ്പെട്ടതുമായ ഒന്ന്.

വിഷാദരോഗമുള്ള വ്യക്തികള്‍ക്ക് ആവര്‍ത്തിച്ച് ഇടിച്ചു തള്ളിക്കയറി വരുന്ന നെഗറ്റീവ്ചിന്തകൾ ആണുള്ളതെന്ന് 

ആരണ്‍ബെക്ക് എന്ന മനശ്ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവനവനെക്കുറിച്ചും ലോകത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഉള്ള നെഗറ്റീവ് കാഴ്ചപ്പാടുകളായിരിക്കും ഈ വിഷാദ ചിന്തകള്‍ നിറയെ. യാന്ത്രികമായി വരുന്ന ഈ ചിന്തകളെ ആരണ്‍ബെക്ക് ചിന്താവൈകല്യങ്ങള്‍- (cognitive distortions) എന്നാണു വിളിച്ചത്. ചില തരം ചിന്താവൈകല്യങ്ങള്‍ ഇതാ:

1.        തെളിവുകള്‍ ഒന്നും ഇല്ലാതിരിക്കുമ്പോഴും മുന്‍വിധികളോടെ ചില തീരുമാനങ്ങളില്‍ എത്തിച്ചേരുന്നത്

2.        ഓരു കാര്യത്തിന്‍റെ പ്രധാനപ്പെട്ട വശങ്ങള്‍ ഒഴിവാക്കി അതിന്റെ അപ്രധാനമായ കാര്യങ്ങളുടെ വിശദാംശങ്ങള്‍ തിരയുന്നത്; അതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്നത്.

3.        ഒരു പ്രത്യേകസംഭവത്തെ മാത്രം ആധാരമാക്കി പൊതുവായ ചില അനുമാനങ്ങളില്‍ എത്തുന്നത്

4.        ബാഹ്യമായ സംഭവങ്ങളെ പ്രത്യേകിച്ച്കാരണമൊന്നുമില്ലാതെ താനുമായി ബന്ധപ്പെടുത്തി ആലോചിക്കുന്നത്.

5.        ചില സംഭവങ്ങളെ അകാരണമായിപ്രാധാന്യം കുറച്ചും മറ്റ് ചിലതിനെ പ്രാധാന്യം കൂട്ടിയും കാണുന്നത്.

ഈ ചിന്തകള്‍ പലപ്പോഴും കൂടിച്ചേര്‍ന്ന് ചില മാതൃകകള്‍ (schema) സൃഷ്ടിക്കുകയും അവ രോഗമുള്ള വ്യക്തി സ്വായത്തമാക്കുകായും ചെയ്യും. ഇതാണ് വിഷാദരോഗത്തിലേക്ക് നയിക്കുന്നതെന്ന് കോഗ്നിറ്റീവ്ബിഹേവിയര്‍ ചികിത്സ ചെയ്യുന്നവര്‍ വിശ്വസിക്കുന്നു.

ഉപബോധ മനസ്സിലെ കാര്യങ്ങള്‍ ബോധ മനസ്സിലേക്ക് എത്തിച്ചാല്‍ അത് പല മാനസിക പ്രശ്നങ്ങള്‍ക്കും ഉള്ള പരിഹാരമാണെന്ന സിദ്ധാന്തത്തിലൂന്നി സിഗ്മണ്ട്ഫ്രോയ്ഡ്‌ സ്ഥാപിച്ച മനശ്ശാസ്ത്ര ചികിത്സാ ശാഖയാണ്‌ സൈക്കോഅനാലിസിസ്. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും അനുഭവങ്ങളും പുറത്തേക്ക് വിടുക എന്നതാണ് ഈ ചികിത്സാരീതിയുടെ ലക്‌ഷ്യം. പുറമേ കാണുന്ന എല്ലാ മാനസിക ലക്ഷണങ്ങളും ഉപബോധ മനസ്സില്‍ നാം അറിയാതെ അടിഞ്ഞു കൂടിക്കിടക്കുന്ന വൈകാരികസംഘര്‍ഷങ്ങളുടെ സൃഷ്ടിയാണ് എന്നതാണ് ഈ ചികിത്സാരീതിയുടെ ലളിതമായ അടിസ്ഥാന തത്ത്വം.

 ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ ലഭിച്ചാലും ഇല്ലെങ്കിലും രോഗമുള്ള വ്യക്തികള്‍ക്കെല്ലാം മന:ശ്ശാസ്ത്ര ചികിത്സ ആവശ്യമാണെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്.രോഗത്തെക്കുറിച്ചുള്ള അറിവ്, സമാശ്വാസംനല്‍കല്‍, ആത്മവിശ്വാസം നല്‍കല്‍ എന്നിവയൊക്കെയാണ് സാധാരണയായി മനശ്ശാസ്ത്രചികിത്സകള്‍ നല്‍കുന്നത്. മനശ്ശാസ്ത്ര ചികിത്സകള്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍ പലതാണ്:

1.        രോഗ ലക്ഷണങ്ങള്‍ക്ക് ശമനം ലഭിക്കും

2.        രോഗി ഔഷധങ്ങള്‍ തുടര്‍ന്ന് കഴിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും

3.        മനശ്ശാസ്ത്ര ചികിത്സകള്‍ മസ്തിഷ്കത്തില്‍ ഔഷധങ്ങള്‍ക്ക് സമാനമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് ആധുനിക ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

4.        തീവ്രമായ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല എന്നതും ഈ ചികിത്സകളെ പൊതു സമൂഹത്തില്‍കൂടുതല്‍ സ്വീകാര്യമാക്കുന്നു.

അപൂര്‍വ്വംചില അവസരങ്ങളിലെങ്കിലും രോഗിയോടൊപ്പം വരുന്ന വ്യക്തികള്‍ക്കും ചിലപ്പോള്‍ വിഷാദരോഗം ഉള്ളതായി കാണാറുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും സൈക്കോ എജ്യൂക്കേഷന്‍ എന്ന മനശ്ശാസ്ത്ര ചികിത്സാ ഘടകം അവര്‍ക്കും നല്‍കേണ്ടതുണ്ട്.

വിഷാദരോഗ ചികിത്സയിൽ ഉപയോഗിക്കുന്ന മനശ്ശാസ്ത്ര ചികിത്സകളെ പ്രധാനമായി ഇനി പറയുന്ന തരത്തില്‍ വിഭജിക്കാറുണ്ട്.

1.        സപ്പോര്‍ട്ടീവ്സൈക്കോതെറാപ്പി

2.        കോഗ്നിറ്റീവ്ബിഹേവിയര്‍ തെറാപ്പി

3.        ഇന്റര്‍പേഴ്സണല്‍ സൈക്കോതെറാപ്പി

4.        മാരിറ്റല്‍ തെറാപ്പി

5.        ഡൈനാമിക്സൈക്കോതെറാപ്പി

പലപ്പോഴും ഔഷധചികിത്സയ്ക്ക് പകരമായി അല്ലെങ്കില്‍ അവയോടൊപ്പം തന്നെ ഈ മന:ശ്ശാസ്ത്ര ചികിത്സാരീതികള്‍ ഉപയോഗിക്കാറുണ്ട്. ഇവയില്‍ തന്നെ കോഗ്നിറ്റീവ്ബിഹേവിയര്‍ തെറാപ്പി എന്ന മാര്‍ഗ്ഗത്തിനാണ് പൊതുവേ ഏറ്റവുമധികം സ്വീകാര്യത.

ആധുനികമനശ്ശാസ്ത്രചികിത്സകര്‍ സൈക്കോതെറാപ്പികളെ മറ്റൊരു രീതിയനുസരിച്ചും വര്‍ഗ്ഗീകരിക്കാറുണ്ട്. ഏറ്റവും ലളിതം അതായത് കൊണ്ട് ആ രീതിയാണ് ഈ മോഡ്യൂളില്‍ സ്വീകരിച്ചിരിക്കുന്നത്.

5.2 - ഒന്നാം നിര മനശ്ശാസ്ത്ര ചികിത്സാരീതികള്‍

പഴയ കാലങ്ങളെ കേന്ദ്രീകരിച്ചുള്ള ചികിത്സാ രീതികളാണ് ഒന്നാം നിര മനശ്ശാസ്ത്ര ചികിത്സാ രീതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.വ്യക്തിയുടെ ആദ്യകാല ജീവിതത്തില്‍ നേരിട്ട ക്ഷതങ്ങള്‍ ഇവിടെ വിശകലനത്തിന് വിധേയമാക്കുന്നു. ഈ ചികിത്സാ രീതിയില്‍ ചികിത്സകന് ഒരു വിദഗ്ഗ്ദ്ധന്റെ പങ്കാണുള്ളത്. രോഗി ചികിത്സകന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നു.

സിഗ്മണ്ട്ഫ്രോയ്ഡ് ആരംഭിച്ച മനോ വിശ്ലേഷണ ശാഖയാണ്‌ ഈ നിരയില്‍പ്പെട്ട പ്രധാനപ്പെട്ട മനശ്ശാസ്ത്ര ചികിത്സ. ബോധ ഉപബോധ മനസ്സുകളെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ മനോ വിശകലനസിദ്ധാന്തത്തിലൂന്നിയാണ് ഈ മനശ്ശാസ്ത്ര ചികിത്സാ ശാഖ വികസിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഭാരതത്തില്‍ അപൂര്‍വ്വം സ്ഥലങ്ങളില്‍ (കേരളത്തില്‍ കോഴിക്കോട്) മാത്രമേ ഈ ചികിത്സാരീതി പഠിക്കാനുള്ള സൗകര്യമുള്ളു എന്നതും ചികിത്സയ്ക്ക് വേണ്ടി വരുന്ന വളരെ നീണ്ട സമയവും ഒക്കെ ഈ ചികിത്സാരീതിയുടെ പ്രതികൂല ഘടകങ്ങളാണ്. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് ചികിത്സാ പഠനവും ചികിത്സാ മാര്‍ഗ്ഗവും.

5.3 – രണ്ടാം നിര മനശ്ശാസ്ത്ര ചികിത്സാരീതികള്‍

വര്‍ത്തമാന കാലമാണ് രണ്ടാം നിര  മനശ്ശാസ്ത്ര ചികിത്സാരീതികളുടെ പ്രവര്‍ത്തന മണ്ഡലം.ഒന്നാം നിരയിലേത് പോലെ പ്രശ്നങ്ങളെ അധിഷ്ടാനമാക്കിയാണ് രണ്ടാം നിര മനശ്ശാസ്ത്ര ചികിത്സകളുടെയും പ്രവര്‍ത്തന ശൈലി. ഇവിടെയും ചികിത്സകന്‍ ഒരു വിദഗ്ദ്ധന്റെ പങ്ക് വഹിക്കുന്നു. ആരണ്‍ബെക്കിന്റെ കോഗ്നിറ്റീവ് സിദ്ധാന്തമാണ്‌ ഈ ചികിത്സാരീതിയുടെ അടിസ്ഥാനം.

കോഗ്നിറ്റീവ്ബിഹേവിയര്‍ തെറാപ്പിയാണ് ഈ വിഭാഗത്തില്‍പ്പെട്ട ഏറ്റവും പ്രധാനപ്പെട്ട മനശ്ശാസ്ത്ര ചികിത്സ. ചിന്തകളുടെയും പ്രവൃത്തികളുടെയും രീതികള്‍ മാറ്റുക എന്നതാണ് ഈ ചികിത്സയില്‍ സംഭവിക്കുന്ന കാര്യം. വളരെയധികം ഗവേഷണ പഠനങ്ങള്‍ നടന്നിട്ടുള്ള ഒരു ചികിത്സാരീതിയാണിത്. കോഗ്നിറ്റീവ്ബിഹേവിയര്‍ തെറാപ്പി വളരെയധികം ഫലപ്രദമാണെന്നാണ് മിക്കവാറും എല്ലാ ഗവേഷണങ്ങളും കാണിക്കുന്നത്. എന്നാല്‍ ബീഹെവിയറല്‍ ആക്ടിവേഷന്‍ അഥവാ പെരുമാറ്റ ഉത്തേജനം, ഇന്റര്‍പേഴ്സണല്‍ തെറാപ്പി എന്നീ ചികിത്സാരീതികളെ അപേക്ഷിച്ച് അധികം പ്രയോജനങ്ങള്‍ കോഗ്നിറ്റീവ്ബിഹേവിയര്‍ തെറാപ്പിക്ക് ഉള്ളതായി ഗവേഷണങ്ങള്‍ അധികം തെളിയിച്ചിട്ടില്ല.സാമാന്യ തീവ്രതയുള്ള വിഷാദരോഗത്തിന്കോഗ്നിറ്റീവ്ബിഹേവിയര്‍ തെറാപ്പി ഔഷധങ്ങളോളം തന്നെ പ്രയോജനപ്രദമാണ്.  ഔഷധങ്ങളും കോഗ്നിറ്റീവ്ബിഹേവിയര്‍ തെറാപ്പിയും ഉപയോഗിച്ചുള്ള ചികിത്സ, ഔഷധങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള ചികിത്സയെക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് എന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റ്മന:ശ്ശാസ്ത്ര ചികിത്സകളെ എന്ന പോലെ തന്നെ കോഗ്നിറ്റീവ്ബിഹേവിയര്‍ തെറാപ്പിയുടെയും ഫലപ്രാപ്തിയുടെ ഒരു പ്രധാനഘടകം ചികിത്സ നല്‍കുന്ന വ്യക്തിയുടെ വൈദഗ്ദ്ധ്യം തന്നെയാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇന്റര്‍ പേഴ്സണല്‍ തെറാപ്പി

വ്യക്തി ബന്ധങ്ങള്‍ വിഷാദ ലക്ഷണങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലാണ് (മറിച്ചും) സാധാരണയായി ഇന്റര്‍പേഴ്സണല്‍ തെറാപ്പി വിഷാദരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.കോഗ്നിറ്റീവ്ബിഹേവിയര്‍ തെറാപ്പിയെ അപേക്ഷിച്ച് കുറച്ച് മാത്രം പഠനങ്ങളെ ഇന്റര്‍പേഴ്സണല്‍തെറാപ്പിയില്‍ നടന്നിട്ടുള്ളൂ. എങ്കിലും ഇതും വിഷാദരോഗ ചികിത്സയ്ക്ക് ഫലപ്രദമായി കണക്കാക്കപ്പെടുന്നു.ആന്റിഡിപ്രസന്റ് ഔഷധങ്ങളോളം തന്നെ  ഇന്റര്‍പേഴ്സണല്‍ തെറാപ്പി ഫലപ്രദമാണെന്ന് ചില ഗവേഷണഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഫാമിലി തെറാപ്പി, മാരിറ്റല്‍ തെറാപ്പി തുടങ്ങിയ വിവിധ മനശ്ശാസ്ത്ര ചികിത്സാരീതികളില്‍ കോഗ്നിറ്റീവ്ബിഹേവിയര്‍ തെറാപ്പിയുടെ പ്രയോജനം ഉപയോഗപ്പെടുത്താറുണ്ട്.

5. 4– മൂന്നാം നിര മനശ്ശാസ്ത്ര ചികിത്സാരീതികള്‍

മുന്‍വിധികള്‍ ഇല്ലാതെ വര്‍ത്തമാനത്തെ വീക്ഷിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള മനശ്ശാസ്ത്ര ചികിത്സാരീതികളാണ് മൂന്നാം നിരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ ആശയത്തെ മൈന്‍ഡ്ഫുള്‍നസ്സ് എന്ന് പറയുന്നു.ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങളിലാണ് ഈ ചികിത്സാരീതി രൂപപ്പെട്ടു വന്നത്. അസ്വസ്ഥതയുടെ കാര്യകാരണങ്ങളോ,അതിതീവ്രമായ സിദ്ധാന്തങ്ങളോ ഒന്നും തന്നെ ഈ ചികിത്സാരീതി പരിശീലിക്കുന്നതിന് തടസ്സമാകുന്നില്ല എന്നത് ഒരു പ്രധാനകാര്യമാണ്. ചികിത്സകനും രോഗമുള്ള വ്യക്തിയും ഒരേപോലെ, ഒരേ തട്ടില്‍ നിന്നാണ് ഈ ചികിത്സ പരിശീലിക്കുന്നത്. ക്ഷമ, വസ്തുതകളെ അംഗീകരിക്കല്‍, മുന്‍വിധികള്‍ഇല്ലാതെയിരിക്കല്‍, അസ്വസ്ഥകളില്‍പിടിച്ചുതൂങ്ങാതെ അവയെ വിട്ടുകളയാനുള്ളമനസ്ഥിതി,പരിശീലന ഘട്ടത്തില്‍ എപ്പോഴും ഒരു തുടക്കക്കാരന്റെ മാനസികാവസ്ഥ നിലനിര്‍ത്താനുള്ള കഴിവ്,അമിത തീവ്രത കൂടാതെയുള്ള പരിശീലനം, വിശ്വാസം, തുറന്ന മനസ്സും പുതിയ അനുഭവങ്ങളോടുള്ള കൌതുകവും - ഇവയൊക്കെയാണ് ഈ ചികിത്സാരീതി ഉപയോഗിക്കുന്ന വ്യക്തി സാധാരണയായി സ്വായത്തമാക്കുന്നത്. പാശ്ചാത്യമായ കോഗ്നിറ്റീവ്ബിഹേവിയര്‍ തെറാപ്പിയും പൌരസ്ത്യമായ മൈന്‍ഡ്ഫുള്‍നസ്സ് എന്ന രീതിയും ചേർത്തപ്പോൾ ലഭിച്ച വജ്രായുധം എന്ന് ഈ ചികിത്സാരീതിയെ ചിലര്‍ വിശേഷിപ്പിക്കാറുണ്ട്. ഒരു പക്ഷെ ഇന്ന് ഏറ്റവുമധികം ഗവേഷണങ്ങള്‍ നടക്കുന്ന മനശ്ശാസ്ത്ര ചികിത്സാരീതിയും ഇത് തന്നെയാണെന്നും പറയുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. MBCT, (Mindfulness Based CognitiveTherapy) എന്ന പേരില്‍ യു.കെയിലും MiCBT (Mindfulness Integrated Cognitive Behavior Therapy) എന്ന പേരില്‍ ആസ്ട്രേലിയയിലും ഈ ചികിത്സാരീതി

ഭ്യമാണ്.വിഷാദരോഗലക്ഷണങ്ങള്‍ ശമിപ്പിക്കാന്‍, വിഷാദരോഗം വരാതെ തടയാന്‍, വിഷാദരോഗത്തിന്‍റെ പുനരാവർത്തനം തടയാന്‍ എന്നിവയാണ് ഈ ചികിത്സാരീതിയുടെ പ്രയോജനങ്ങള്‍ എന്ന് വിശ്വസിക്കപ്പെടുന്നു.

നമ്മുടെ നാട്ടില്‍ MUCBT (Mindfulness Unified CognitiveBehaviourTherapy) എന്ന പേരില്‍ മൈന്‍ഡ്ഫുള്‍നസ്സും കൊഗ്നിട്ടീവ്ബിഹേവിയര്‍ തെറാപ്പി എന്ന പേരിലാണ് ഈ ചികിത്സാരീതി ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനോരോഗചികിത്സാവിഭാഗത്തിന്കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോളിസ്റ്റിക് ആന്‍ഡ്‌ സൈക്കോസൊമാറ്റിക് ക്ലിനിക്കും നാഷണല്‍ അസ്സോസ്സിയേഷന്‍ ഫോര്‍ മൈന്‍ഡ്ഫുള്‍നസ്സ് (NAMi) എന്ന സംഘടനയും ചേര്‍ന്നാണ് ഈ ചികിത്സാ രീതി വളര്ത്തിയെടുത്തിട്ടുള്ളത്‌. ഈ ചികിത്സാരീതിയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പ്രാഥമിക പഠനങ്ങള്‍ വിദേശനാടുകളിലേതിനു സമാനമായ നല്ല ഫലങ്ങള്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്. കൂടുതല്‍ പഠനങ്ങള്‍ നടന്നു വരികയാണ്.

5.5            –സാമൂഹ്യ ചികിത്സാരീതികള്‍

വ്യായാമം, യോഗ, പ്രാര്‍ത്ഥന, തീർത്ഥ യാത്ര, പൂന്തോട്ടംവളര്‍ത്തല്‍, സംഗീത ചികിത്സ,സ്വയം സഹായ സംഘങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ മറ്റ് മാര്‍ഗ്ഗങ്ങളും വിഷാദരോഗചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്.ഇവയൊക്കെ തന്നെവ്യക്തിഗതമായി സഹായിക്കുന്നതായി പലരും പറയാറുണ്ട് എങ്കിലും അതിനുമപ്പുറം എന്താണ് അല്ലെങ്കില്‍ എങ്ങിനെയാണ് ഇവയ്ക്ക് സഹായിക്കാന്‍ സാധിക്കുന്നത് എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.യോഗയെക്കുറിച്ചും മറ്റും കുറച്ചൊക്കെ പഠനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ യോഗാസനങ്ങള്‍ക്കപ്പുറം യോഗയുടെ മറ്റ് ഘടകങ്ങള്‍ (യമം, നിയമം,പ്രാണായാമം,പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി തുടങ്ങിയ അഷ്ടാംഗ യോഗിയുടെഘടകങ്ങള്‍) എത്രമാത്രം വിഷാദരോഗ ചികിത്സയ്ക്ക് പ്രയോജനപ്രദമാണ് എന്നത് ഇനിയും തെളിയിക്കപ്പെടേണ്ടതായിട്ടാണിരിക്കുന്നത്.ഒരുപക്ഷെ ഏറ്റവുമധികം പ്രയോജനപ്പെടുന്ന വ്യായാമം എന്ന മാര്‍ഗ്ഗമാണ് വിഷാദരോഗചികിത്സയ്ക്കായി ഏറ്റവും കുറച്ച് ഉപയോഗപ്പെടുത്തപ്പെടുന്നരീതി എന്നറിയുന്നതും രസകരമായിരിക്കും. വ്യായാമത്തിന് വിഷാദരോഗം വരാതെ സംരക്ഷിക്കാനും,വിഷാദരോഗലക്ഷണങ്ങള്‍ മാറ്റാനുമുള്ള കഴിവുകള്‍ ഉണ്ടെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

സൈക്കോ എജ്യൂക്കേഷന്‍ എന്ന അവബോധസൃഷ്ടി മാര്‍ഗ്ഗവും സാമൂഹ്യ ചികിത്സാരീതികളുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്ന് തന്നെ.അറിവ് വെളിച്ചത്തിലേക്കുള്ള ചവിട്ടുപടിയാണല്ലോ.വിഷാദരോഗ ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം രോഗമുള്ള വ്യക്തിക്കും ബന്ധുവിനും രോഗാവസ്ഥയെക്കുറിച്ച് എത്രമാത്രം അറിവുണ്ട് എന്നതാണ്.

കുറിപ്പ്:

വിഷാദരോഗത്തെക്കുറിച്ച് ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങളാണ് ഈ കോഴ്സില്‍ വിവരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വേണമെന്നുള്ളവര്‍ക്ക്  ഇ-മെയില്‍ വഴിയോ  കോഴ്സ് പേജില്‍ ക്കൂടിയോ ബന്ധപ്പെടാം.

ഇ-മെയില്‍ - [email protected]

Complete and Continue  
Discussion

6 comments