Module -2വിഷാദരോഗം –അറിയേണ്ടതെല്ലാം മോഡ്യൂള്‍- 2

2.1 – വിഷാദ രോഗങ്ങള്‍

മനോരോഗ ചികിത്സകര്‍ സാധാരണയായി ഉപയോഗിക്കുന്ന രോഗ വര്‍ഗ്ഗീകരണ പുസ്തകമായ DSM-5 (The Diagnostic and Statistical Manual of Mental Disorders ) എന്ന പുസ്തകത്തില്‍ പറയുന്ന വിഷാദരോഗാവസ്ഥകളും അവയുമായി ബന്ധപ്പെട്ട രോഗാവസ്ഥകളും ഇനി പറയുന്നവയാണ്:

1.       വൈകാരിക നിയന്ത്രണ തകരാറു കൊണ്ടുള്ള രോഗാവസ്ഥകള്‍ (Disruptive Mood Dysregulation disorder)

2.       ഒറ്റത്തവണ വരുന്ന മുഖ്യ വിഷാദ രോഗാവസ്ഥ (Major depressive disorder, single episode)

3.       ആവര്‍ത്തിച്ച് വരുന്ന മുഖ്യ വിഷാദ രോഗാവസ്ഥ (Major depressive disorder, recurrent)

4.       ഏറെ നാള്‍ നീണ്ടു നില്‍ക്കുന്ന വിഷാദ രോഗാവസ്ഥ (Persistent depressive disorder)

5.       ലഹരി വസ്തുക്കള്‍ അല്ലെങ്കില്‍ മറ്റ് ഔഷധങ്ങള്‍ കാരണം ഉണ്ടാകുന്ന വിഷാദരോഗാവസ്ഥ (Substance / medication induced depressive disorder)

6.       മാസമുറയ്ക്ക് മുന്‍പ് ഉണ്ടാകുന്ന വിഷാദ രോഗാവസ്ഥ (Premenstrual dysphoric disorder)

7.       മറ്റൊരു ശാരീരിക രോഗം കാരണം ഉണ്ടാകുന്ന വിഷാദ രോഗാവസ്ഥ (Depressive disorder due to another medical condition)

8.       മറ്റ് നിര്‍ദ്ദിഷ്ടമായ വിഷാദ രോഗാവസ്ഥ (Other specified depressive disorder)

9.       നിര്‍ദ്ദിഷ്ടമല്ലാത്ത വിഷാദ രോഗാവസ്ഥ (Unspecified Depressive Disorder)


വിഷാദ രോഗത്തിന്‍റെ ഒരു ഘട്ടത്തില്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത അവസ്ഥയില്‍ രോഗമുള്ള വ്യക്തി എത്തിയാല്‍ അതിനെസൈക്കോട്ടിക് വിഷാദരോഗം എന്ന് പറയും. വിഷാദരോഗവും മാനിയ എന്ന ഉന്മാദാവസ്ഥയും മാറി മാറി വരുന്ന രോഗാവസ്ഥയെബൈപോളാര്‍ ഡിസോര്‍ഡര്‍ അഥവാ ദ്വിമുഖ വൈകാരിക രോഗാവസ്ഥ എന്ന് പറയുന്നു.

 

2.2 – വിഷാദ രോഗത്തിന്‍റെ പ്രധാനലക്ഷണങ്ങള്‍

വിഷാദ രോഗത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം വിഷാദാത്മകമായ മാനസികാവസ്ഥ തന്നെയാണ്. സങ്കടം, നിരാശ, എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നല്‍, എന്നിവയൊക്കെ മനസ്സ് നിറയ്ക്കും. എന്നാല്‍ ചിലര്‍ക്ക് അമിതമായ ടെന്‍ഷന്‍, കോപം എന്നിവയായിരിക്കും പ്രധാന ബുദ്ധിമുട്ടുകള്‍. ചുറ്റുമുള്ള കാര്യങ്ങള്‍ ശരിയായ രീതിയില്‍ അനുഭവിക്കാനും അവയിലെ സന്തോഷം ആസ്വദിക്കാനും ഉള്ള കഴിവ് നഷ്ടപ്പെട്ടതായും പലര്‍ക്കും അനുഭവപ്പെടും.


ഇതോടൊപ്പം തന്നെ ഒരുപാട് പേര്‍ക്ക് വിശപ്പില്ലായ്മ, ഉറക്കക്കുറവ്, അകാരണമായ ശരീരം മെലിയല്‍ അല്ലെങ്കില്‍ ഭാരക്കുറവ്, എന്നിവയും പ്രധാന പ്രശ്നങ്ങളായി അനുഭവപ്പെടാം. പലരിലും ഇവ തന്നെയായിരിക്കും വ്യക്തമായ വിഷാദ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന്  വളരെ മുന്‍പ് കാണപ്പെടുക. അപൂര്‍വ്വം ചിലരില്‍ അമിത വിശപ്പായും ഭാരക്കൂടുതലായും വിഷാദ രോഗം പ്രകടമായേക്കാം.


ഉറക്കക്കുറവ് വിഷാദരോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. അതിരാവിലെ സാധാരണയായി ഉറക്കം ഉണരുന്നതിനു ഒന്നോ രണ്ടോ മണിക്കൂര്‍ മുൻപ് തന്നെ രോഗമുള്ള വ്യക്തി ഉണരുകയും പിന്നീട് ഉറക്കം കിട്ടാതെ പാട് പെടുകയും ചെയ്യും. എന്നാല്‍ മറ്റ്ചില വ്യക്തികളില്‍ രാത്രിയുടെ ആദ്യഭാഗത്ത് അല്ലെങ്കില്‍ മദ്ധ്യഭാഗത്ത് ആയിരിക്കും ഉറക്കമില്ലായ്മ കാണുക. ഉണര്‍ന്നു കിടക്കുമ്പോള്‍ മനസ്സില്‍ നിറയെ അശുഭ ചിന്തകള്‍ നിറയുകയും അവ അയവിറക്കി ആ വ്യക്തി അകാരണമായി വിഷമിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതിരാവിലെ ഉള്ള ഉറക്കക്കുറവ് തീവ്ര വിഷാദരോഗത്തിന്‍റെ ഒരു ലക്ഷണമാകാം. അത്പോലെ തന്നെ അലസതയും അമിതമായ ഉറക്കവും വിഷാദരോഗത്തിന്റെ ലക്ഷണമാകാം. ശരീരക്ഷീണവും മേല്‍പ്പറഞ്ഞ ലക്ഷണങ്ങളും കൂടി കലരുമ്പോള്‍ രാത്രിയും പകലും ഉറങ്ങുക മാത്രം ചെയ്യുക എന്നതായി മാത്രം രോഗമുള്ള വ്യക്തിയുടെ ദിനചര്യ. ഇത് കാരണം 10 മുതല്‍ 20 മണിക്കൂറുകള്‍ വരെ കട്ടിലില്‍ തന്നെ ചിലവഴിക്കുന്ന വിഷാദരോഗം ഉള്ള വ്യക്തികളുണ്ട്.


സൈക്കോമോട്ടോര്‍ റിട്ടാര്‍ഡേഷന്‍ അഥവാ മാനസികവും ശാരീരികവുമായ പിന്‍വലിയല്‍ വിഷാദരോഗത്തിന്‍റെ മറ്റൊരു ലക്ഷണം ആണ്. രോഗമുള്ള വ്യക്തി വെറുതെ ദൂരേക്ക് നോക്കി ആരോടും മിണ്ടാതെ കസേരയിലോ വരാന്തയിലും മുറിക്കുള്ളിലുമായോ ഇരിക്കും. എഴുന്നേറ്റ് നടക്കുമ്പോള്‍ അതും ഒച്ച് ഇഴയുന്നത് പോലെ ആയിരിക്കും.സംസാരത്തിനു ഒട്ടും തന്നെ ശബ്ദം കാണില്ല. ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടി ഒന്നോ രണ്ടോ വാക്കുകളിലോ തലയാട്ടലുകളിലോ ചലനങ്ങളിലോ മാത്രമായി ഒതുങ്ങും. എന്നാല്‍ ചില അവസരങ്ങളില്‍ ഇത്തരം വ്യക്തികള്‍ അമിതമായ വെപ്രാളം, ആകാംക്ഷ , ഇരിക്കപ്പൊറുതിയില്ലായ്മ, തുടങ്ങിയ ലക്ഷണങ്ങളും കാണിച്ചേക്കാം. ഒരിടത്ത് അടങ്ങിയിരിക്കാന്‍ കഴിയാതെ ഇപ്പോഴും കാലുകള്‍ ചലിപ്പിച്ചും കൈകള്‍ കൂട്ടിത്തിരുമിയും ഉള്ളിലെ ഉല്‍ക്കണ്ഠ പുറമേ പ്രകടിപ്പിച്ചു കൊണ്ടുമിരിക്കും.


അമിതമായ ക്ഷീണവും ഊര്‍ജ്ജ്വസ്വലത ഇല്ലായ്മയുമാണ് വിഷാദരോഗമുള്ള വ്യക്തികള്‍ പ്രകടിപ്പിക്കുന്ന മറ്റൊരു ലക്ഷണം.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വരുന്ന വിഷാദരോഗികളില്‍ ഇത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്ന്.


തന്നെ ക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നും, താന്‍ നിസ്സഹായന്‍ ആണെന്നും, തനിക്ക് ഭാവിയില്‍ പ്രതീക്ഷയ്ക്ക് ഒരു വകയും ഇല്ലെന്നും ഒക്കെയുള്ള തോന്നലുകളും കുറ്റബോധവും പലപ്പോഴും വിഷാദരോഗം ഉള്ള വ്യക്തിയുടെ മനസ്സ് നിറയ്ക്കും. ആത്മവിശ്വാസം ഇല്ലായ്മ, ജോലിസ്ഥലത്ത് പോകാനോ ജോലി ചെയ്യാനോ സ്കൂളില്‍ പോകാനോ പഠിക്കാനോ വീട്ടിലെ ജോലികള്‍ ചെയ്യാനോ ഒക്കെ ഉള്ള ആകാംക്ഷയും ഭയവും മടിയും ഒക്കെ ഇത്തരം അശുഭ ചിന്തകളും നെഗറ്റീവായ കാഴ്ചപ്പാടുകളും ഉണ്ടാക്കും. മറ്റുള്ളവരുമായുള്ള ആശയവിനിമയം താരതമ്യേനെ കുറയും. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ടെലിഫോണില്‍ക്കൂടി പോലും ബന്ധപ്പെടാണോ അവരെ തിരികെ വിളിക്കാനോ ഇത്തരം വ്യക്തികള്‍ താല്‍പ്പര്യം കാണിക്കില്ല. ജീവിതം ഒരു പ്രതീക്ഷാ രഹിതമായ മരുഭൂമി പോലെ ഇവര്‍ കാണും.


യഥാര്‍ത്ഥത്തിലോ സങ്കല്പത്തിലോ ഉള്ള മുന്പ് സംഭവിച്ച ചെറിയ കാര്യങ്ങള്‍ പോലും ഓര്‍ക്കുന്നത് അമിതമായ കുറ്റബോധത്തോട് കൂടി ആയിരിക്കും. ശ്രദ്ധിക്കാനും ഏകാഗ്രത പാലിക്കാനും ശരിയായി ലക്ഷ്യബോധത്തോടു കൂടിചിന്തിക്കാനുമുള്ള കഴിവില്ലായ്മ വിഷാദരോഗം ഉള്ള വ്യക്തികളുടെ പ്രധാന ലക്ഷണമാണ്. തൊഴിലിലും പഠനത്തിലും കുടുംബ ജീവിതത്തിലെ ബന്ധങ്ങളിലും മികവ് മാത്രമല്ല സാധാരണ നിലവാരം പുലര്‍ത്താന്‍ പോലും വിഷാദരോഗം ഒരു വ്യക്തിയെ അനുവദിക്കില്ല. ശ്രദ്ധയോട് കൂടി ഒരു സിനിമ കാണാനോ വാര്‍ത്തകള്‍ കേള്‍ക്കാനോ പോലും പലപ്പോഴും വിഷാദരോഗം ഉള്ള ഒരു വ്യക്തിക്ക് കഴിഞ്ഞു എന്ന് വരില്ല.


വിഷാദരോഗം ഉള്ള വ്യക്തികള്‍ ധാരാളം ചിന്തിക്കുന്ന ഒരു വിഷയമാണ് മരണം. തുടക്കത്തില്‍ മരണത്തോടുള്ള താല്‍പ്പര്യം അല്ലെങ്കില്‍ മരിച്ചിരുന്നുവെങ്കില്‍ എന്നുള്ള ആഗ്രഹം അല്ലെങ്കില്‍ മരണം താന്‍ അര്‍ഹിക്കുന്ന ശിക്ഷയാണ് എന്ന രീതിയിലുള്ളതായിരിക്കും ഈ ചിന്തകള്‍. എന്നാല്‍ ക്രമേണ അവ ആത്മഹത്യാ ചിന്തയിലേക്ക് വഴി മാറും. ഇവയൊക്കെ വിഷാദരോഗമുള്ള വ്യക്തിയുടെ മസ്തിഷ്കം സൃഷ്ടിക്കുന്ന ചിന്തകള്‍ ആണ്. താന്‍ മറ്റുള്ളവര്‍ക്ക് ഒരു കഷ്ടപ്പാട് ആണെന്നും താന്‍ ഇല്ലെങ്കില്‍ അവര്‍ കുറച്ചുകൂടി സുഖമായി ജീവിച്ചെനെ എന്നും വിഷാദരോഗം ഉള്ള വ്യക്തി ചിന്തിക്കും. ജീവിതത്തിലെ താല്‍ക്കാലികമായ പല പ്രശ്നങ്ങള്‍ക്കും ഉള്ള സ്ഥായിയായ പരിഹാരം ജീവിതം അവസാനിപ്പിക്കുന്നതാണ് എന്നായിരിക്കും വിഷാദരോഗം ഉള്ള ഒരു വ്യക്തി ചിന്തിക്കുക. അത്കൊണ്ട് തന്നെ വിഷാദരോഗം ഉണ്ടെന്നു സംശയിക്കുന്ന ഓരോ വ്യക്തിക്കും ജീവിതം അവസാനിപ്പിക്കാനുള്ള ചിന്തകളുണ്ടോ എന്ന കാര്യം കൃത്യമായി വിലയിരുത്തേണ്ടതാണ്.


മേല്‍പ്പറഞ്ഞതൊക്കെ വിഷാദരോഗം ഉള്ള വ്യക്തികളില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്.  എന്നാല്‍ മറ്റു ചില ലക്ഷണങ്ങളും വിഷാദരോഗം ഉള്ളവരില്‍ കണ്ടുവരാറുണ്ട്.  മാനസികാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇക്കൂട്ടരുടെ പ്രധാനപ്പെട്ട ഒരു ബുദ്ധിമുട്ട്. വൈകുന്നേരങ്ങളെ അപേക്ഷിച്ച് പ്രഭാതങ്ങളാണ് ഇക്കൂട്ടര്‍ക്ക് ഏറ്റവും മോശമായി അനുഭവപ്പെടുക. രാവിലെ എല്ലാം നഷ്ടപ്പെട്ട ആത്മവിശ്വാസം ഇല്ലാത്ത അവസ്ഥയില്‍ ഇരിക്കുന്ന രോഗമുള്ള വ്യക്തി വൈകുന്നേരങ്ങളില്‍ ആത്മവിശ്വാസമുള്ള മാനസികാവസ്ഥയില്‍ ഇരിക്കുന്നതായി കാണാന്‍ സാധിക്കും.


ലൈംഗിക കാര്യങ്ങളില്‍ ഒട്ടും തന്നെ താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ വിഷാദരോഗമുള്ള വ്യക്തി തയ്യാറായെന്നു വരില്ല. ഉദ്ധാരണശേഷിക്കുറവ്, രതിമൂർച്ച അനുഭവിക്കുവാന്‍ ഉള്ള കഴിവില്ലായ്മ എന്നിവയൊക്കെ വിഷാദരോഗം ഉള്ള വ്യക്തികളില്‍ സാധാരണമാണ്. മലബന്ധവും ചുണ്ടും വായും ഉണങ്ങലുമൊക്കെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാകാം. മറ്റൊരു പ്രധാന ലക്ഷണം രോഗകാരണങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കാതെ ഉണ്ടാകുന്ന ശരീരം വേദനയും നോവും കഴപ്പും ഉള്‍പ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകളാണ്. ശരീരം കടച്ചിലും പെരുപ്പും നെഞ്ചെരിച്ചിലും ഒക്കെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാകാം.


ചിലപ്പോള്‍ വിഷാദ രോഗം മറ്റ് പല മുഖമൂടികള്‍ അണിഞ്ഞുംപ്രകടമാകാം. ഇതിനെ മാസ്ക്ഡ്‌ഡിപ്രഷന്‍ (masked depression) എന്ന് പറയും. ഇതും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വളരെ സാധാരണമായ ഒരു രോഗലക്ഷണമാണ്. ഉദാഹരണമായി വാർദ്ധക്യത്തോട് അടുത്ത ഒരു വ്യക്തി വിവിധ ശാരീരിക രോഗലക്ഷണങ്ങളുമായി സ്ഥിരമായി ഡോക്ടറെ കാണുമ്പോള്‍ ഇത്തരം മുഖം മൂടിയണിഞ്ഞ വിഷാദ രോഗം ഉണ്ടോ എന്ന് നാം പരിശോധിക്കണം.വിഷാദരോഗത്തിന്റെ മറ്റ് ലക്ഷണങ്ങളെക്കുറിച്ച് ചോദിച്ചു കഴിഞ്ഞാല്‍ പലപ്പോഴും വിഷാദ രോഗത്തിന്‍റെ രോഗനിര്‍ണ്ണയം എളുപ്പമാകും. ഇത്തരം ഘട്ടങ്ങളില്‍ വിഷാദരോഗ ചികിത്സ ശാരീരിക രോഗ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകാനും വഴിയൊരുക്കും.


നൂറില്‍ ഇരുപത് വിഷാദ രോഗികളെങ്കിലും സൈക്കോട്ടിക് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം. ഇതില്‍ സൈക്കോട്ടിക് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ എന്നാണ്. ഡെല്യൂഷനുകള്‍ അഥവാ മിഥ്യാ വിശ്വാസങ്ങള്‍, ഹാല്ല്യൂസിനേഷനുകള്‍ അഥവാ ആശരീരികളും ഇല്ലാത്ത കാഴ്ചകള്‍ കാണുന്ന പ്രവണതയും ഒക്കെ ഇതില്‍ പെടും. ഉദാഹരണമായി വിഷാദ രോഗം വന്ന ഒരു പുരോഹിതന്‍ സൈക്കോട്ടിക് ലക്ഷണങ്ങള്‍ ഉണ്ടായപ്പോള്‍ ചിന്തിച്ചത് താന്‍ ദൈവത്തിന്റെ വഴിയില്‍ നിന്ന് മാറി പോയിരിക്കുന്നു എന്നും ദൈവം കോപിച്ചിരിക്കുന്നു എന്നും അത്കൊണ്ട് താന്‍ മരിക്കുന്നതാണ് നല്ലത് എന്നുമാണ്.

ഈ പറഞ്ഞതില്‍ നിന്ന് രോഗലക്ഷണങ്ങളെക്കുറിച്ച് ഏറെക്കുറെ മനസ്സിലായിക്കാണുമല്ലോ.

 

2.3– വിഷാദരോഗത്തിന്‍റെ സഞ്ചാര വഴികള്‍

വിഷാദ രോഗം പലപ്പോഴും ആരംഭിക്കുന്നത് ചിലപ്പോള്‍ വളരെ പെട്ടെന്ന് അല്ലെങ്കില്‍ വളരെ പതുക്കെ ആകാം. ചികിത്സിക്കാതിരുന്നാല്‍ ചിലപ്പോള്‍ ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടു നില്‍ക്കുന്നതാകാം ഓരോ എപ്പിസോഡും. എന്നാല്‍ സാധാരണ ഗതിയില്‍ ആറു മുതല്‍ ഒന്‍പത് മാസം വരെയാണ് ഒരു വിഷാദ രോഗ എപ്പിസോഡ് നീണ്ടു നില്‍ക്കുന്നത്. വിഷാദരോഗം പലവിധമുണ്ട് എന്ന് നേരത്തെ പരാമര്‍ശിച്ചിട്ടുണ്ടല്ലോ. ഒരു തവണ വിഷാദരോഗം വന്നാല്‍ അത് വീണ്ടും വരാനുള്ള സാദ്ധ്യത 50 ശതമാനമാണ്. രണ്ടു തവണ വന്നാല്‍ 70-ഉം മൂന്നു തവണ വന്നാല്‍ 90-ഉം ശതമാനമാണ് വിഷാദരോഗത്തിന്‍റെ ആവര്‍ത്തന സാദ്ധ്യത. 20 ശതമാനം ആളുകള്‍ക്ക് വിഷാദരോഗം ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്നതായി കണ്ടുവരുന്നു.


വിഷാദരോഗത്തിന്റെ ഏറ്റവും അപകടകരമായ പരിണിതഫലം ആത്മഹത്യയാണ്. ഏകദേശം 50 ശതമാനത്തോളം പേര്‍ ആത്മഹത്യാശ്രമം നടത്തുകയും പത്ത് മുതല്‍ പതിനഞ്ചു ശതമാനം വരെ പേര്‍ ജീവന്‍ വെടിയുകയും ചെയ്യും എന്നാണ് കണക്ക്. ഒറ്റയ്ക്കുള്ള ജീവിതം, മദ്യവും മറ്റു ലഹരിവസ്തുക്കൾ ഉപയോഗിക്കുക, നാല്‍പ്പത് വയസ്സില്‍ കൂടുതല്‍ പ്രായം ഉണ്ടായിരിക്കുക,മുൻപ് ജീവനൊടുക്കാൻ ശ്രമം  നടത്തിയിട്ടുണ്ടായിരിക്കുക, ആത്മഹത്യാ ചിന്തകള്‍ ഗൗരവമായി പ്രകടിപ്പിക്കുക, അതിനുവേണ്ടിയുള്ള വിശദമായ കര്‍മ്മപരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ടാവുക എന്നിവയൊക്കെ ആത്മഹത്യയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളാണ്. അമിതമായ സാദ്ധ്യത ഉള്ളപക്ഷം അത്തരം ഒരു വ്യക്തിയെ വീട്ടില്‍ വെച്ച് ചികിത്സിക്കുന്നതിനെക്കാള്‍ ആശുപത്രിയില്‍ വെച്ച് പരിചരിക്കുന്നതായിരിക്കും നല്ലത്. ആത്മഹത്യാശ്രമങ്ങളെക്കുറിച്ച് മറ്റൊരു മോഡ്യൂളില്‍ പറയുന്നുണ്ട്.


വിഷാദ രോഗത്തിന് ഇനിയുമേറെയുണ്ട് സങ്കീർണതകൾ .ഉന്മേഷമില്ലായ്‌മയും  ശ്രദ്ധക്കുറവും താല്പ്പര്യക്കുറവും  ഒക്കെ ജോലിസ്ഥലത്തും സ്കൂളിലും കുടുംബത്തിലും സമൂഹത്തിലും ഒക്കെ വ്യക്തിയെ ഒറ്റപ്പെടുത്തുകയും അയാള്‍ക്ക് തന്റെ പൂര്‍ണ്ണമായ കഴിവുകള്‍ പ്രകടിപ്പിക്കാനാകാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഒക്കെ വിവാഹ ബന്ധത്തിലും കുടുംബ ബന്ധങ്ങളിലും ഒക്കെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ചിലപ്പോഴെങ്കിലുംഉറക്കഗുളികകള്‍ കൊണ്ടോ ലഹരി വസ്തുക്കള്‍ കൊണ്ടോ ഉത്തേജക ഔഷധങ്ങള്‍ കൊണ്ടോ സ്വയം ചികിത്സിക്കാന്‍ ശ്രമിക്കുകയും ആ ശ്രമം അപകടങ്ങളിലേക്ക് രോഗമുള്ള വ്യക്തിയെ എത്തിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.


2.4– വിഷാദരോഗം ആയി തെറ്റിദ്ധരിക്കപ്പെടാവുന്ന മറ്റ് രോഗാവസ്ഥകള്‍

വിഷാദ രോഗ ലക്ഷണങ്ങള്‍ എല്ലായ്പ്പോഴും വിഷാദരോഗം കൊണ്ട് ആകണമെന്നില്ല. മറ്റ് ശാരീരികരോഗാവസ്ഥകള്‍, ലഹരി വസ്തുക്കളുടെ ഉപയോഗവും ദുരുപയോഗവും – ഇവയൊക്കെ വിഷാദരോഗ ലക്ഷണങ്ങള്‍ക്ക് കാരണമാകാം.ആകാംക്ഷ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ചില തരം ഔഷധങ്ങള്‍, അമിത രക്ത സമ്മര്‍ദ്ദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില ഔഷധങ്ങള്‍, ഗര്‍ഭ നിരോധന ഔഷധങ്ങള്‍, സ്റ്റിറോയ്ഡ്‌ മരുന്നുകള്‍ എന്നിവയൊക്കെ വിഷാദരോഗ ലക്ഷണങ്ങള്‍ക്ക് കാരണമായേക്കാം . തൈറോയ്ഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവ് മൂലം ഉണ്ടാകുന്ന ഹൈപ്പോതൈറോയഡിസം, പാന്‍ക്രിയാസ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദം, തലച്ചോറിനെ ബാധിക്കുന്ന ക്ഷതങ്ങളോ അര്‍ബുദമോ ഒക്കെ വിഷാദരോഗ ലക്ഷണങ്ങള്‍ക്ക് കാരണമാകാം.


ഗുരുതരമായ മറ്റൊരു മനോരോഗമാണ് സ്കീസോഫ്രീനിയ. ഈ രോഗമുള്ള വ്യക്തികള്‍ക്ക് വിഷാദരോഗം ആണെന്ന് തെറ്റിദ്ധരിക്കാവുന്ന ചില ലക്ഷണങ്ങള്‍ ഉണ്ടാകാം. പ്രത്യേകിച്ച് ആദ്യ ഘട്ടങ്ങളില്‍. ഇന്ന് ലഭ്യമായ ശാസ്ത്രീയ വിവരങ്ങള്‍ അനുസരിച്ച് ഔഷധങ്ങള്‍ മാത്രമാണ് ഈ രോഗാവസ്ഥയുടെ പ്രധാന ചികിത്സ. വൈകാരിക രോഗാവസ്ഥകളുടെ ലക്ഷണങ്ങള്‍ അപ്രത്യക്ഷമായത്തിനു ശേഷവും സൈക്കോട്ടിക് രോഗ ലക്ഷണങ്ങള്‍ നിലനില്‍ക്കുകയാനെങ്കില്‍ അത്തരം രോഗികള്‍ക്ക് സ്കീസോഅഫക്റ്റീവ്  രോഗാവസ്ഥ ഉണ്ടെന്നു കണക്കാക്കും.


അടുത്ത ഒരു ബന്ധു അല്ലെങ്കില്‍ സഹൃത്ത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥയെ ബിറീവ്മെന്‍റ് എന്ന് പറയുന്നു. ഇത്തരം അവസ്ഥയിലും വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ കാണാം. തീവ്രതയിലും കാല ദൈര്‍ഘ്യത്തിലും രോഗ ലക്ഷണങ്ങള്‍ വിഷാദ രോഗ നിദാനത്തിന് ഉപയോഗിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി യോജിക്കുന്നുവെങ്കില്‍ അത് വിഷാദരോഗം ആയിത്തന്നെ കണക്കാക്കും.വിഷാദരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധങ്ങള്‍ തന്നെ ഇത്തരം വ്യക്തികള്‍ക്കും മന:സ്സമാധാനം നല്‍കുന്നതായി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.


2.5 – വിഷാദ രോഗത്തിന്‍റെ കാരണങ്ങള്‍

വൈകാരിക രോഗങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ ലോകത്ത് നടന്നിട്ടുണ്ട്. ഒരു വ്യക്തിക്ക് അയാളുടെ ജീവിതകാലത്ത് എപ്പോഴെങ്കിലും വിഷാദരോഗം ഉണ്ടാകാന്‍ 17 ശതമാനം സാദ്ധ്യതയുണ്ടെന്ന് നാഷണല്‍ കോമോര്‍ബിഡിറ്റി (  National Comorbidity) പഠനം വ്യക്തമാക്കിയിട്ടുണ്ട്. വിഷാദരോഗവും ഉന്മാദാവസ്ഥയും ചേര്‍ന്ന് വരുന്ന ബൈപോളാര്‍ രോഗാവസ്ഥയ്ക്ക് ഉള്ള സാദ്ധ്യത രണ്ടു ശതമാനമാണെന്നും ഈ പഠനം വ്യക്തമാക്കുന്നു. നീണ്ടു നില്‍ക്കുന്ന വിഷാദരോഗ അവസ്ഥകള്‍ ഉണ്ടാകാനുള്ള സാദ്ധ്യത 2-3 ശതമാനം വരെയാണ്. വിഷാദരോഗം പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. അമേരിക്കന്‍ നാടുകളിലെ കണക്കനുസരിച്ച് സ്ത്രീകളിലും പുരുഷന്‍മാരിലും ഉള്ള വിഷാദരോഗം 2:1 അനുപാതത്തിലാണ്. സാധാരണയായി ഇത് ഉണ്ടാകുന്നത് 32 മുതല്‍ 40 വരെയുള്ള പ്രായത്തിലാണ്.ബൈപോളാര്‍ രോഗം കുറച്ച് കൂടി നേരത്തെ – ഏകദേശം 25 വയസ്സിനോടടുപ്പിച്ച്– ആണ് ഉണ്ടാകുന്നത്. നീണ്ടു നില്‍ക്കുന്ന വിഷാദരോഗങ്ങള്‍ ആകട്ടെ ഏകദേശം  മദ്ധ്യവയസ്സിനോടടുത്താണ് ഉണ്ടാകുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ ബൈപോളാര്‍ രോഗാവസ്ഥ നേരത്തെ ഉണ്ടാകുന്നതായും ഈ പഠനം സൂചിപ്പിക്കുന്നു. പലപ്പോഴും ഇത് വിഷാദരോഗത്തിലായിരിക്കും താനും.

 

കുറച്ച് കാലം മുന്പ് പ്രസിദ്ധീകരിച്ച കേരളത്തിന്‍റെ ആദ്യത്തെ മാനസികാരോഗ്യ റിപ്പോര്‍ട്ട് സൂചിപ്പിച്ചത് വിഷാദവും ആകാംഷയും ഉള്‍ക്കൊള്ളുന്ന സാധാരണ മനോരോഗങ്ങളുടെ തോത് 9 ശതമാനം ആണെന്നാണ്‌. ഇതില്‍ തന്നെ വിഷാദരോഗത്തിന്റെ തോത് അഞ്ചു ശതമാനം ആണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മറ്റ് കണക്കുകള്‍ പ്രകാരം ഹൃദ്രോഗവും പക്ഷാഘാതവും പാര്‍ക്കിന്‍സണ്‍ രോഗവും ഉള്‍ക്കൊള്ളുന്ന മസ്തിഷ്ക രോഗങ്ങളും പ്രമേഹവും അപസ്മാരവും ആസ്ത്മയും ഉള്‍ക്കൊള്ളുന്ന ദീര്‍ഘകാല ശാരീരിക രോഗങ്ങളും ഉള്‍പ്പെടുത്തിയാല്‍ ഈ അഞ്ചു ശതമാനം എന്നുള്ളത് എത്രമാത്രം ഉയരുമെന്ന് നമുക്ക് ചിന്തിക്കാനാവില്ല. 2020തോടെ വിഷാദരോഗം മനുഷ്യരാശിയെ ബുദ്ധിമുട്ടിക്കുന്ന രോഗങ്ങളുടെ പട്ടികയില്‍ ഹൃദയാഘാതത്തിന് ശേഷം രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്.


വിഷാദ രോഗങ്ങളുടെ  കാരണങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം. മറ്റ് മനോരോഗങ്ങളുടെ കാര്യത്തില്‍ എന്ന പോലെ വിഷാദ രോഗങ്ങളുടെയും കാരണം നമുക്ക് വ്യക്തമായി അറിയില്ല. സാമൂഹ്യമായ കാരണങ്ങളും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും,ജൈവപരവും മനശ്ശാസ്ത്രപരവും ആയ കാരണങ്ങളും ഇവയിലുണ്ട്. ജൈവപരമായ കാരണങ്ങളെ ജനിതകമെന്നുംമസ്തിഷ്കാധിഷ്ടിതം എന്നും വിഭജിക്കാം.


ഇരട്ടകളിലും ദത്ത് എടുക്കപെട്ടവരിലും ഒക്കെ നടത്തിയ പഠനങ്ങള്‍ വിഷാദരോഗത്തിന്‍റെ ജനിതക കാരണങ്ങളിലേക്ക് വെളിച്ചം വീശിയിട്ടുണ്ട്.വിഷാദരോഗത്തിനു കാരണമായ കൃത്യമായ ജീനുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടില്ലെങ്കിലും ജീനുകള്‍ കാരണമുള്ള വിഷാദരോഗ പ്രവണത ഗവേഷകര്‍ക്ക് മുന്നില്‍ വ്യക്തമാണ്. മസ്തിഷ്കത്തിലെ പ്രീഫ്രോന്ടല്‍ കോര്‍ട്ടക്സ്,ടെമ്പറല്‍ കോര്‍ട്ടക്സ്, ലിംബിക് വ്യവസ്ഥ എന്നിവയൊക്കെ വിഷാദരോഗങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ്. ഈ ഭാഗങ്ങളിലെ സര്‍ക്യൂട്ടുകളുടെയും രാസവസ്തുക്കളുടെയും പ്രവര്‍ത്തനങ്ങള്‍ വിഷാദരോഗത്തിനു കാരണമാണെന്ന് ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്.സിറോട്ടോണിന്‍, ഡോപ്പമിന്‍, നോര്‍എപ്പിനെഫ്രിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് വിഷാദരോഗവുമായി ബന്ധപ്പെടുത്തി ഇപ്പോഴും പറയാറുള്ളതാണ്. എന്നാല്‍ ഏതെങ്കിലും ഒരു രാസവസ്തുവുമായി ബന്ധിപ്പിച്ച് ഇതാണ് വിഷാദരോഗത്തിന്‍റെ കാരണം എന്ന് പറയുന്നത് തികച്ചും ന്യൂനീകരിക്കൽ  ആയിരിക്കും. വിവിധ രാസവസ്തുക്കളുടെ അളവിലുള്ള ഏറ്റക്കുറച്ചില്‍ പരസ്പര ബന്ധിതമായ ഒരു പ്രക്രിയയാണ്.

അത്കൊണ്ട് തന്നെ തികച്ചും സങ്കീര്‍ണ്ണമാണ് വിഷാദത്തിന്‍റെ വിത്തുകൾ മുളയ്ക്കുന്ന വിധം എന്ന് പറയേണ്ടി വരും.

ജീവിതത്തിലെ വിവിധ മാനസിക സമ്മര്‍ദ്ദ അവസ്ഥകള്‍ വിഷാദരോഗം ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലെ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ വിഷാദരോഗം ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. പതിനൊന്നു വയസ്സിനു മുൻപേ മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് വിഷാദരോഗ സാദ്ധ്യത കൂടുതലായിരിക്കും എന്ന് ചൂണ്ടി കാണിക്കപ്പെട്ടിട്ടുണ്ട് . അതുപോലെ തന്നെ ചെറുപ്പത്തിലേ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍, നല്ലതല്ലാത്ത കുടുംബ അന്തരീക്ഷത്തിൽ  വളരുന്ന കുട്ടികള്‍ എന്നിവര്‍ക്കും വിഷാദരോഗസാദ്ധ്യത കൂടുതലായിരിക്കും.

ഇനിയുള്ള കാര്യങ്ങള്‍ അടുത്ത മോഡ്യൂളില്‍.

Discussion

15 comments