Malayalam Version


മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്

‘‘ഇത് ചെറിയൊരു വേദന അല്ല. ശാരീരികവും മാനസികവും വൈകാരികവുമായി ഒരാൾക്കേൽക്കുന്ന ആഘാതമാണ്’’-ചെന്നിക്കുത്ത് അഥവാ മൈഗ്രേൻ എന്ന തലവേദനയേ കുറിച്ച് അഭിനേതാവ് ജാമീ വിൻഗോ ഇങ്ങനെയാണ്പറഞ്ഞത്. വളരെ സാധാരണമായി കാണപ്പെടുന്ന, തുടർച്ചാസ്വഭാവമുള്ള ഒരുതരം തലവേദനയാണിത്. മസ്തിഷ്കത്തിലെ രക്തക്കുഴലുകളുടെയും ഞരമ്പുകളുടെയും പ്രവർത്തനത്തെ ബാധിക്കുന്ന ഈ രോഗത്തിന് പല കാരണങ്ങളുണ്ട്. രോഗബാധിതനായ വ്യക്തിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ തീവ്ര സ്വഭാവമുള്ള ലക്ഷണങ്ങളാണ് മിക്കപ്പോഴും ഈ രോഗത്തിനുണ്ടാകുക. 

രോഗ ചരിത്രം

മൈഗ്രേൻ എന്ന രോഗത്തെ സംബന്ധിച്ച ഏറ്റവും പഴയ വിവരങ്ങൾ 1200 ബിസി യിൽ പുരാതന ഈജിപ്തുകാരിൽ നിന്നാണ് ലഭിക്കുന്നത്. തുർക്കി കാപ്പഡോസിയയിൽ ജീവിച്ചിരുന്ന ഗ്രീക്ക് ഫിസിഷ്യൻ അരീഷ്യസ് ആണ് ആദ്യമായി ഇൗ രോഗത്തിന് നിർവചനം നൽകിയത്. തലയുടെ ഒരു പകുതി ഭാഗത്തെ മാത്രം ബാധിക്കുന്ന അതിതീവ്രമായ വേദനക്ക് ഒടുവിൽ ചർദ്ദിക്കുകയും വേദന അവസാനിക്കുകയും ചെയ്യുന്നു എന്നതാണ് അദ്ദേഹം നൽകിയ നിർവചനം. 

1930 കളിൽ ഗ്രഹാം, വുൾഫ് എന്നിവർ ചേർന്ന് എർഗോടമൈൻ ( ergotamine- ചെടിയിൽ നിന്ന് കിട്ടുന്ന മരുന്ന്) കൊണ്ട് ഉണ്ടാക്കിയ ടാർട് ( tart) എന്ന പലഹാരം മൈഗ്രേൻ ഇല്ലാതാക്കും എന്നു കണ്ടെത്തി. ഇന്ന് മൈഗ്രേൻ ഒരു രോഗമായി അംഗീകരിക്കപ്പെടുകയും പഠനവിധേയമാക്കപ്പെടുകയും ചെയ്തു. നേരേത്ത, മറ്റു പല രോഗങ്ങളുടേയും ലക്ഷണമായി മാത്രമാണ് ഇൗ തലവേദന കണക്കാക്കിയിരുന്നത്. ലോകത്തിലാകമാനം ഏഴിലൊന്നു പേരെ ബാധിക്കുന്ന രോഗം, അതിൽ തന്നെ മൂന്നിൽ രണ്ട് ഭാഗവും ഇരകൾ സ്ത്രീകൾ, വർഷത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടാൻ കാരണമായ രോഗങ്ങളിൽ ആറാം സ്ഥാനം എന്നിവ മൈഗ്രേൻ്റെ പ്രത്യേകതകൾ ആണ്. 

രോഗത്തിൻ്റെ  സ്ഥിതിവിവര കണക്കുകൾ

ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ന്യൂറോളജിക്കൽ പ്രശ്നങ്ങളിൽ രണ്ടാം സ്ഥാനത്താണ് മൈഗ്രേൻ. യൗവന കാലങ്ങളിലാണ് ഇൗ രോഗം കൂടുതലായി കണ്ടു വരുന്നത്‌ (25 മുതൽ 55 വയസ് വരെ). സാധാരണ ഗതിയിൽ ബാല്യത്തിലോ കൗമാരത്തിലോ തുടങ്ങുന്ന ഈ രോഗം സ്ത്രീകളിലാണ് കൂടുതലായി കണ്ടു വരുന്നത് (3:1 എന്ന സ്ത്രീ-പുരുഷ അനുപാതത്തിൽ). 

രോഗ ലക്ഷണങ്ങൾ 

ഇടവിട്ടുണ്ടാകുന്ന കഠിനമായ വേദനയുടെ (മാസത്തിൽ 15 ദിവസത്തിൽ താഴെ) രൂപത്തിലോ തീരാവ്യാധിയുടെ രൂപത്തിലോ ( മാസത്തിൽ 15 ദിവസത്തിൽ കൂടുതൽ) ആകാം ഈ തലവേദന. തലവേദനകൾക്കിടയിൽ ഉള്ള കാലത്ത് സാധാരണ ജീവിതം നയിക്കാൻ സാധിക്കും. പരിസ്ഥിതിയിലെയും ചുറ്റുപാടുകളിലെയും പല ഘടകങ്ങളും അവക്ക് വഴങ്ങാൻ സാധ്യതയുള്ള വ്യക്തിയും തമ്മിലുള്ള പ്രവർത്തനത്തിൻ്റെ  ഫലമാണ് മൈഗ്രേൻ എന്നു പറയാൻ സാധിക്കും. ഉദാഹരണത്തിന് ഭക്ഷണ രീതിയിലെ വ്യതിയാനം, ശാരീരിക അധ്വാനം, ഉറക്കത്തിലുള്ള വ്യത്യാസം, ഹോർമോണിൻ്റെയും മരുന്നിൻ്റെയും സാന്നിധ്യം, ഉയർന്ന ശബ്ദം, ചില തരം മണങ്ങൾ, ഭക്ഷണങ്ങൾ ഇവയൊക്കെ തലവേദനയുണ്ടാകാൻ പ്രേരകങ്ങളാകാം. അങ്ങനെ നോക്കിയാൽ മൈഗ്രേൻ ലക്ഷണങ്ങളെ നാലു ഘട്ടങ്ങളിലായി വേർതിരിച്ചു കാണാം. 

1) മുൻസൂചനാ ഘട്ടം

മൈഗ്രേൻ്റെ ആദ്യ ഘട്ടം ആണിത്. തലച്ചോറിലെ ചില പ്രത്യേക പ്രവർത്തനങ്ങളുടെ ഭാഗമായി മൈഗ്രേൻ തലവേദനയ്ക്ക് മുന്നോടിയായി ചില ലക്ഷണങ്ങൾ പ്രകടമാകുന്നു. അമിതമായി കോട്ടുവായയിടൽ, കൂടുതലായി മൂത്രം പോകൽ, ചില തരം ഭക്ഷണങ്ങളോടുള്ള ആസക്തി, സ്വഭാവത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ എന്നിവയാണ് ഇത്. 

2) പൂർവ ലക്ഷണങ്ങൾ

20 ശതമാനം രോഗികളിൽ മാത്രമേ മൈഗ്രേൻ പൂർവ ലക്ഷണങ്ങൾ കാണാറുള്ളൂ. കൂടുതലായും കാഴ്ച സംബന്ധമായ പ്രശനങ്ങൾ ആണ് കണ്ടുവരുന്നത്. കറുത്ത പൊട്ടുകൾ പോലെ കാണുകയും അവ വലുതാകുന്നതായും തോന്നുക, നക്ഷത്രങ്ങൾ, വളഞ്ഞ വരകൾ, ചില തരം രൂപങ്ങൾ എന്നിവ കാണുന്നതായി തോന്നുക എന്നിവ ലക്ഷണങ്ങളിൽ ചിലതാണ്. ചിലർക്ക് സംവേദനത്തിൽ ഉള്ള മാറ്റങ്ങളും അനുഭവപ്പെടാറുണ്ട്. കൈവിരലുകളിൽ തുടങ്ങി തോൾ ഭാഗത്തേക്കും മുഖത്തിൻ്റെ  വശത്തും നാവിലും എല്ലാം സൂചി കുത്തുന്നതു പോലെ തോന്നുന്നത് കാണപ്പെടാറുണ്ട്. മൊത്തത്തിൽ ഇത്തരം ലക്ഷണങ്ങളെ മൈഗ്രേൻ ഓറ എന്നു വിളിക്കാറുണ്ട്. 

3) തലവേദന ഘട്ടം

തലയുടെ ഒരു പകുതി ഭാഗത്തെ ബാധിക്കുന്ന അതിതീവ്ര തലവേദനയായാണ് ഈ  തലവേദന പൊതുവെ കാണാറുള്ളത്. ശാരീരിക അധ്വാനം കൊണ്ടോ തലയുടെ ചലനം കൊണ്ടോ ഈ വേദന കൂടുതലാകുന്നതായി കാണാം. അതേ സമയം തലയുടെ ഒരു പകുതിയിൽ നിന്നു വേദന മറു പകുതിയിലേക്കും മാറാം. ഒരു മണിക്കൂർ കൊണ്ട് വേദനയുടെ തീവ്രത അതിൻ്റെ പരമാവധിയിൽ എത്തുകയും 24 മണിക്കൂർ സമയം തുടരുകയും ചെയ്യും. മുതിർന്നവരിൽ ശരാശരി നാലു മുതൽ 72 മണിക്കൂർ വരെയും കുട്ടികളിൽ രണ്ടു മുതൽ 48 മണിക്കൂർ വരെയും വേദന ഉണ്ടാകും. 75 ശതമാനം രോഗികൾക്കും കഴുത്തുവേദന കാണപ്പെടുന്നു. വെളിച്ചം കാണുമ്പോൾ ഉള്ള ബുദ്ധിമുട്ട്, ശബ്ദം കേൾക്കുമ്പോൾ വേദന തീവ്രമാകുക, തല കറക്കം, വിശപ്പില്ലായ്മ, മനം പിരട്ടൽ എന്നിവയും ഉണ്ടാകാം. മൂന്നിലൊന്നു പേർക്കും ഛർദ്ദിയും 16 ശതമാനം പേർക്ക് വയറിളക്കവും ഉണ്ടാകാം. 

4) അനന്തര ഫലങ്ങൾ

തലവേദനക്കൊടുവിൽ പൂർണമായും പഴയപടി ആയി എന്നു വ്യക്തിക്ക് തോന്നുന്ന സമയമാണ് ഇത്‌. മൈഗ്രേൻ ഉണ്ടാകുന്ന 80 ശതമാനം രോഗികളിലും ഈ സമയത്തു ചില അനന്തര ലക്ഷണങ്ങൾ കാണാം. കൂടുതൽ പേരിലും ഉണ്ടാകുന്ന ലക്ഷണങ്ങൾ ഉത്സാഹക്കുറവ്, ക്ഷീണം, ഉറക്കം തൂങ്ങൽ, ശ്രദ്ധ ഇല്ലായ്മ, വെളിച്ചത്തിലേക്ക് നോക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട്, മനം പിരട്ടൽ, മുൻേകാപം എന്നിവയാണ്. സാധാരണ 12 മണിക്കൂറിൽ താഴെ മാത്രമേ ഈ ഘട്ടം നിലനിൽക്കൂ. എങ്കിലും ചിലർക്കെങ്കിലും 24 മണിക്കൂറിലധികം സമയം നിലനിൽക്കുന്നതായി കാണാം.

രോഗകാരണങ്ങളും വ്യാപന രീതിയും

മൈഗ്രേൻ പാരമ്പര്യ സ്വഭാവം ഉള്ള ഒരു രോഗമാണ്. പല കാരണങ്ങളും ഉണ്ടെങ്കിലും പൊതുവെ അടുത്ത ബന്ധുക്കളായ ആൾക്കാർ മൈഗ്രേൻ രോഗത്തിൻ്റെ  ഇരകളാണെന്ന് കാണാറുണ്ട്. രക്ഷിതാക്കളിൽ നിന്ന്‌ കുട്ടികളിലേക്കു രോഗം പരമ്പരാഗതമായി വരാൻ ഉള്ള സാധ്യത 17ാം നൂറ്റാണ്ടിലേ കണ്ടുപിടിച്ചിട്ടുണ്ട്. കോർടിക്കൽ സ്പ്രെഡിങ് ഡിപ്രഷൻ ( Cortical spreading depression ) എന്ന സങ്കീർണമായ പ്രതിഭാസമാണ് മൈഗ്രേയ്ൻ്റെ  പൂർവ ലക്ഷണങ്ങളിൽ പലതിൻ്റെ യും കാരണം. തലച്ചോറിലെ വലിയ രക്തക്കുഴലുകൾക്കും സിരകൾക്കും തലച്ചോറിന് പുറത്തെ ആവരണത്തിനുമെല്ലാം ഇടയിൽ ധാരാളം ചെറിയ ഞരമ്പുകൾ ഉണ്ട്. ഇത്തരം ഞരമ്പുകൾ ട്രിഗമിനൽ ഗാംഗ്ലിയോൺ (trigeminal ganglion - മുഖം,തല എന്നിവയിലെ ഞരമ്പുകളുടെ േകന്ദ്രബിന്ദു) എന്ന ഭാഗത്തു നിന്നും നട്ടെല്ലിലെ ചില വലിയ ഞരമ്പുകളിൽ നിന്നും ഉത്ഭവിക്കുന്നു. ഇവ വിവിധ തരം രാസവസ്തുക്കളായ സ്ബ്സ്റ്റാൻസ് പി (substance P), കാൽസിടോനിൻ ജീൻ റിലേറ്റഡ് പെപ്റ്റൈഡ് (calcitonin gene related peptide) എന്നിവ ഉണ്ടാക്കുന്നു. ഈ പദാർത്ഥങ്ങൾ രക്തക്കുഴലുകൾക്ക് മേൽ പ്രവർത്തിക്കുകയും ശക്തിയായ തലവേദന ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ മൈഗ്രേയ്ൻ്റെ ഓരോ രോഗലക്ഷണത്തിനും കൃത്യവും സങ്കീർണവുമായ കാരണങ്ങൾ ഉണ്ട്.

Complete and Continue  
Discussion

2 comments