Malayalam Version


രോഗ നിർണയം

രോഗത്തിൻ്റെ ചരിത്രവും നേരിട്ടുള്ള പരിശോധനയും വഴിയാണ് മിക്കപ്പോഴും രോഗം നിർണയിക്കുന്നത്. എങ്കിലും എം.ആർ.ഐ സ്കാൻ തുടങ്ങിയ പരിശോധനകൾ മറ്റു ഗുരുതര രോഗങ്ങളിൽ നിന്ന്‌ മൈഗ്രെയ്നെ വേർതിരിച്ചു അറിയാൻ സഹായിക്കും. 

 മൈഗ്രെയ്ൻ പ്രതിരോധം

മൈഗ്രെയ്ൻ ഉണ്ടാകുന്ന ദിവസങ്ങളുടെ എണ്ണം കുറക്കുക, മൈഗ്രെയ്നു വേണ്ടി മരുന്നു കഴിക്കുന്ന ദിവസങ്ങളുടെ എണ്ണവും മരുന്നിൻ്റെ തോതും കുറക്കുക, മൈഗ്രെയ്ൻ സംബന്ധി ആയ മറ്റ് ബുദ്ധിമുട്ടുകൾ കുറക്കുക എന്നിവയൊക്കെയാണ് പ്രതിരോധം കൊണ്ട്‌ ഉദ്ദേശിക്കുന്നത്. എങ്കിലും  പ്രതിരോധമാർഗങ്ങളുടെ വിജയവും പരാജയവും വളരെയധികം വ്യക്തികേന്ദ്രമാണ്. 

ജീവിത രീതിയിലുള്ള മാറ്റവും മൈഗ്രെയ്ൻ പ്രേരണകളെ ഒഴിവാക്കലും

പൊതുവെ ഒരാളുടെ ദിനചര്യയിൽ ഉണ്ടാകുന്ന നേരിയ മാറ്റം പോലും മൈഗ്രെയ്ൻ ഉണ്ടാകുന്നതിന് പ്രേരകമായി പ്രവർത്തിക്കാം. കൃത്യസമയത്തു ഉണരുകയും ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്ന ദിനചര്യ ഉണ്ടാക്കിയെടുത്താൽ ഇത്തരക്കാർക്ക് ഏറെ ഗുണം ചെയ്യും. പല പഠനങ്ങളും എയ്റോബിക് വ്യായാമങ്ങൾ മൈഗ്രെയ്ൻ തടയാൻ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഓരോ ദിവസത്തെയും തലവേദന കുറിച്ചു വെക്കാൻ ഡയറി സൂക്ഷിക്കുന്നത് മൈഗ്രെയ്ൻ്റെ ആവൃത്തിയും ചികിത്സാരീതിയും പ്രേരകങ്ങളും മനസിലാക്കാൻ സഹായിക്കും. ഉയർന്ന സമ്മർദ്ദം ( stress), സമ്മർദ്ദത്തിൽ ഉള്ള വ്യത്യാസം (ഉയർന്ന സമ്മർദ്ദം ഉള്ള അവസ്ഥയിൽ നിന്നും താഴ്ന്ന സമ്മർദ്ദം ഉള്ള അവസ്ഥയിലേക്ക് മാറുന്നത് - ഉദാ: അവധിക്കാലം), കാലാവസ്ഥാ വ്യതിയാനങ്ങൾ, സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ, ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കത്തിൽ ഉള്ള വ്യതിയാനം, മദ്യം, ചിലയിനം മണങ്ങൾ, ചില തരം ഭക്ഷണങ്ങൾ, (ഉദാ: അജിനോമോട്ടോ അടങ്ങിയവ, സംസ്കരിച്ച മാംസ്യം, കൃത്രിമ മധുരങ്ങൾ, കഫീൻ ), പുക, പ്രകാശം എന്നിവയൊക്കെ മൈഗ്രെയ്ൻ പ്രേരകങ്ങൾ ആകാം. 


മൈഗ്രെയ്ൻ അപകട ഘടകങ്ങൾ

താഴെ പറയുന്ന ഘടകങ്ങൾ ഉള്ളവർക്ക് മൈഗ്രെയ്ൻ വരാൻ സാധ്യത കൂടുതൽ ആണ്. 

  • അമിതവണ്ണം
  • ഉറക്കത്തിലെ വ്യതിയാനം
  • വിവിധ മനോരോഗങ്ങൾ
  • തുടരെയുള്ള വേദന സംഹാരികളുടെ ഉപയോഗം
  • സ്ത്രീകൾ
  • താഴ്ന്ന സാമ്പത്തിക സാമൂഹിക അവസ്ഥയിൽ ഉള്ളവർ
  • വേദന ഉള്ള മറ്റു അസുഖങ്ങൾ
  • തലക്കോ കഴുത്തിനോ ഏറ്റ ക്ഷതം
  • കടുത്ത ജീവിതാനുഭവങ്ങൾ
  • വേദനക്കുള്ള ഫലപ്രദമല്ലാത്ത  ചികിത്സകൾ

സ്ത്രീകൾ എന്ന ഘടകം മാറ്റിനിറുത്താം. മറ്റുള്ള പ്രതികൂലമായ ഘടകങ്ങൾ കഴിവതും ഒഴിവാക്കിയാൽ ഒരു പരിധി വരെ മൈഗ്രെയ്ൻ കുറയ്ക്കാം. ഇതിൽ തന്നെ കഫീൻ, അമിതവണ്ണം, ഉറക്കവ്യതിയാനം, മരുന്നുകൾ എന്നിവയെല്ലാം പുനഃക്രമീകരിക്കാൻ കഴിയുന്നവയാണ്. 

കഫീൻ (ചായ, കാപ്പി ഉപയോഗം)

കഫീൻ ഉപയോഗം നിറുത്തുന്നത് മൈഗ്രെയ്‌നിൽ നിന്നും ആശ്വാസം നൽകും. കുറഞ്ഞ പക്ഷം രണ്ട് മൂന്ന് മാസത്തേക്കെങ്കിലും കഫീൻ ഉപഭോഗം അവസാനിപ്പിക്കുന്നത് തലവേദനയുടെ തീവ്രതയെ ഗണ്യമായി കുറയ്ക്കുന്നതായി കണ്ടുവരുന്നു. സ്ഥിരമായി കൂടിയ അളവിൽ കഫീൻ ഉപയോഗിക്കുന്നവർ ക്രമേണ കുറച്ചു കൊണ്ടു വരുന്നതാണ് ഉചിതം. അല്ലെങ്കിൽ ആദ്യ ഘട്ടത്തിൽ തലവേദന പെട്ടെന്ന് കൂടാൻ സാധ്യത ഉണ്ട്.

വേദന സംഹാരികളുടെ അമിത ഉപയോഗം

തലവേദന മാറാനായി വേദന സംഹാരികൾ തുടരെ ഉപയോഗിക്കുന്നതിനാണ് 'അമിത ഉപയോഗം' എന്നു പറയുന്നത്. സാധാരണ, വേദന സംഹാരികൾ മാസത്തിൽ 15ൽ കൂടുതൽ ദിവസം ഉപയോഗിക്കേണ്ടി വന്നാൽ അതു അമിത ഉപയോഗം ആണ്. ശക്തിയുള്ള വേദന സംഹാരികൾ മാസത്തിൽ 10 തവണ ഉപയോഗിക്കുന്നതുപോലും അമിത ഉപയോഗം ആയി കണക്കാക്കും. 

ഉറക്കം

ഉറക്കമില്ലായ്മയും ഉറക്കത്തിലുള്ള വ്യതിയാനവും മൈഗ്രെയ്ന് കാരണമാകുന്നു. 

അമിതവണ്ണം

അമിതവണ്ണം ഉള്ളവർക്ക് മൈഗ്രെയ്ൻ വരാനും തലവേദന ഉള്ള ദിവസങ്ങളുടെ എണ്ണം കൂടുതലാവാനും സാധ്യത ഉണ്ട്. 

മൈഗ്രെയ്ൻ പ്രതിരോധ ചികിത്സകൾ 

മൈഗ്രെയ്ൻ പ്രതിരോധത്തിനായി നിലവിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ അധികവും അപസ്മാരം, രക്തസമ്മർദ്ദം, വിഷാദം എന്നിവക്ക് ഉള്ളതാണ്.

മരുന്നുകൾ

മാസത്തിൽ നാലോ അതിലധികമോ തവണ തലവേദന ഉണ്ടാകുക, മാസത്തിൽ എട്ടിൽ കൂടുതൽ തലവേദന ബാധിച്ച ദിവസങ്ങൾ ഉണ്ടാകുക എന്നീ സ്ഥിതി വരുന്നവർക്കാണ് പ്രതിരോധ ചികിത്സ ആവശ്യം. ജീവിത രീതിയിൽ മാറ്റം വരുത്തിയിട്ടും കൃത്യമായി മരുന്നു കഴിച്ചിട്ടും ജീവിതത്തെയും ജോലിയെയും രോഗം ബാധിക്കുന്നുണ്ടെങ്കിൽ മരുന്ന് കഴിക്കേണ്ടതാണ്‌. 

ന്യൂറോ സ്റ്റിമുലേഷൻ

ശരീരത്തിനുള്ളിലും പുറത്തുമായി ഞരമ്പുകളെ ഉത്തേജിപ്പിച്ച് മൈഗ്രെയ്ൻ വരാതെ തടയുന്ന രീതിയാണിത്. ഇത്തരം ഉപകരണങ്ങൾ ദിവസേന ഉപയോഗിക്കാം. 

പെരുമാറ്റ ചികിത്സ

മരുന്നു ഉപയോഗിച്ചുള്ള ചികിത്സക്ക് താത്പര്യമില്ലാത്തവർക്കു ചെയ്യാവുന്നതാണ് പെരുമാറ്റ ചികിത്സ. ചിലയിനം ശീലങ്ങളും സമ്മർദങ്ങളും മൈഗ്രെയ്ൻ പ്രേരകങ്ങളായി പ്രവർത്തിക്കുന്നവരിൽ ഇത് വിശേഷിച്ചും ഗുണം ചെയ്യും. കൂടാതെ മരുന്നു ഉപയോഗിച്ച് ഉള്ള ചികിത്സയോടൊപ്പം പെരുമാറ്റ ചികിത്സ ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യുന്നതായി കണ്ടു വരുന്നു 

തീവ്ര വേദന ഉള്ളപ്പോൾ മൈഗ്രെയ്ൻ ചികിത്സ 

മൈഗ്രെയ്ൻ രോഗനിർണയത്തിനും ചികിത്സക്കും ഒട്ടേറെ നൂതന മാർഗങ്ങൾ കണ്ടു പിടിച്ചിട്ടുണ്ട്. എങ്കിലും 22 ശതമാനം രോഗികൾ മാത്രമേ കൃത്യമായ ചികിത്സ രീതികൾ പിന്തുടരുന്നുള്ളൂ. ചികിത്സാ രീതികൾ കൃത്യമല്ലെങ്കിൽ സാമ്പത്തികമായി അതു വളരെയധികം ബാധ്യത ഉണ്ടാക്കുന്നു. പോരാത്തതിന് വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന വേദന ഒരു തുടർ തലവേദനയായി മാറാനും കാരണമാകുന്നു. 

പലവിധത്തിലാണ് ചികിത്സാ രീതികൾ തീരുമാനിക്കുന്നത്. അതു മിക്കപ്പോഴും വ്യക്തി കേന്ദ്രീകൃതവും ആണ്. തുടക്കത്തിൽ ഏറ്റവും കുറഞ്ഞ ഡോസിൽ സാധാരണ വേദന സംഹാരികൾ നൽകുകയും ക്രമേണ ഡോസ് കൂട്ടുകയോ മൈഗ്രെയ്ന് മാത്രമായുള്ള വേദന സംഹാരികളിലേക്കു മാറുകയോ ആണ് പതിവ്. മറ്റൊരു രീതിയിൽ രോഗി തന്നെ  തലവേദനയുടെ സ്വാഭാവം അനുസരിച്ചുള്ള ചികിത്സയുടെ തീവ്രതയും തീരുമാനിക്കുന്നു. ഇത്തരത്തിൽ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ചികിത്സാ രീതികളുടെ വലിയ ഒരു ആവനാഴി തന്നെ ഉണ്ടെങ്കിലും രോഗികൾ പലപ്പോഴും അസംതൃപ്തരായി കാണാറുണ്ട്. സമ്പൂർണമായ മൈഗ്രെയ്ൻ ചികിത്സ എന്നത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിക്കും നൽകേണ്ട പ്രത്യേകമായ ചികിത്സയാണ്.  

രോഗത്തെ സംബന്ധിച്ച പ്രവചനം

വിദൂര ഭാവിയിൽ മൈഗ്രെയ്ൻ ഒരാളെ എങ്ങനെ ബാധിക്കും എന്നത് ആ വ്യക്തിയെ മാത്രം ആശ്രയിച്ചിരിക്കും. പൂർണമായോ ഭാഗികമായോ ഉള്ള മുക്തി മുതൽ ദശാബ്ദകാലങ്ങളോളം നിലനിൽക്കുന്ന തലവേദന വരെ അതിൽ വരാം. 

നിഗമനങ്ങൾ

സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന രോഗമാണ് മൈഗ്രെയ്ൻ. രോഗനിർണയത്തിന് കൃത്യമായ ഒരു രോഗ ചരിത്രം ആവശ്യമാണ്. ഒപ്പം മറ്റ് കാരണങ്ങൾ കൊണ്ടുള്ള തലവേദന അല്ലെന്നു ഉറപ്പിക്കുകയും വേണം. മൈഗ്രെയ്ൻ മൂലമുള്ള തലവേദന അല്ലായെന്ന് തോന്നുന്ന പക്ഷം കൂടുതൽ പരിശോധന ആവശ്യമായി വരും. വേദനയുടെ സ്വഭാവത്തിൽ പെട്ടെന്ന് മാറ്റം ഉണ്ടായാലും പരിശോധനകൾക്കു വിധേയമാകണം.

പുതിയ മരുന്നുകൾ മൈഗ്രെയ്ൻ ചികിത്സയിൽ വിപ്ലവങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. എന്നിരുന്നാലും രോഗത്തിൻ്റെ തീവ്രത, മരുന്നിൻ്റെ പാർശ്വ ഫലങ്ങൾ എന്നിവയെല്ലാം പരിഗണിച്ച് വ്യകതികേന്ദ്രീകൃതമായ ചികിത്സയാണു കൂടുതൽ അഭികാമ്യം.

Complete and Continue  
Discussion

0 comments