ഡോക്ടർ പ്രിസ്ക്രിപ്ഷൻ
ഡോക്ടർ പ്രിസ്ക്രിപ്ഷൻ
"സി..ഓ.. ഈ ഡോക്ടർ ചേച്ചി എന്തൊക്കെയാ എഴുതുന്നെ?ഇത് മുഴുവൻ മരുന്നിന്റെ പേര് ആണോ?"
അനു മോളാണ്.പരിശോധിച്ചു കഴിഞ്ഞു ഞാൻ പ്രെസ്ക്രിപ്ഷൻ എഴുതുന്നത് മുതൽ അതിലേക്ക് നോക്കിയിരിപ്പാണ്.നഴ്‌സറിക്കാരി പതുക്കെ ഞാൻ എഴുതിയ അക്ഷരങ്ങൾ പെറുക്കിയെടുത്ത് വായിക്കുകയാണ്. ചീഫ് കംപ്ലെയിന്റസ് (chief complaints)എന്നതിന്റെ ചുരുക്കരൂപമായ സി /ഓ (C/O) ആണ് വായിച്ചു ചോദിച്ചിരിക്കുന്നത്.അനുമോളുടെ ചോദ്യം ചിലപ്പോ ചില അമ്മൂമ്മമാരൊക്കെ വേറെ ഒരു തരത്തിൽ കൊടുക്കാറുണ്ട്. പ്രിസ്ക്രിപ്ഷൻ പേപ്പറിൽ (മരുന്നു ചീട്ട് ) എഴുതി നിറച്ചിരിക്കുന്നത് മുഴുവൻ മരുന്നിന്റെ പേരാണോ, ഇത്രയധികം മരുന്നു എങ്ങനെ കുടിക്കും എന്നൊക്കെ ആയിരിക്കും അവരുടെ ആശങ്ക. ഇനി ഈ മരുന്നു കുറിപ്പടിയിൽ എഴുതി നിറയ്ക്കുന്നത് എന്താണ് എന്നുളളതിലേക്ക് വരാം.
ഒരു കുറിപ്പടിയുടെ തലഭാഗത്ത് വരുന്നത്: രോഗിയുടെ പേര് , വയസ്സ്, വിലാസം, ലിംഗം, പരിശോധിക്കുന്ന തിയ്യതിയും സമയവും എന്നിവയാണ് ആദ്യം രേഖപ്പെടുത്തേണ്ടത്. നിസ്സാരമെന്നു തോന്നുമെങ്കിലും പേരിലും വിലാസത്തിലുമൊക്കെയാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. പേര് മാറിയാൽ ചീട്ട് മാറും, ചീട്ട് മാറിയാൽ മരുന്നു മാറും, _അത് ഒരിക്കലും സംഭവിക്കാൻ പാടില്ല താനും. വ്യക്തി വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി കഴിഞ്ഞാൽ അടുത്ത ഘട്ടത്തിലേക്ക് വരാം. അതാണ് അനുമോളുടെ ചോദ്യത്തിലെ C/O.
ചീഫ് കംപ്ലെയിന്റസ് (chief complaints) എന്ന തലക്കെട്ടിനു താഴെ എഴുതുന്നത് രോഗിയുടെ ഇപ്പോഴത്തെ പ്രശ്നങ്ങളാണ്. ഡോക്ടറോട് രോഗി അവതരിപ്പിക്കുന്ന പ്രധാന പ്രശ്നങ്ങൾ. ഉദാഹരണത്തിന് രണ്ടു ദിവസമായി വയറുവേദന, അല്ലെങ്കിൽ ഇന്നലെ മുതൽ പനി എന്നൊക്കെ ഡോക്ടറെ കണ്ട ഉടൻ നമ്മൾ പറയുന്ന കാര്യങ്ങൾ.
അടുത്തത് ഹിസ്റ്ററി ഓഫ് പ്രെസെന്റ ഇൽനസ് (history of present illness_HOPI). ഇവിടെയാണ് രോഗി പറഞ്ഞ അസുഖത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നത്. അസുഖം എന്നു തുടങ്ങി, എത്ര സമയം നീണ്ടു നിൽക്കാറുണ്ട്, പ്രത്യേക സമയത്ത് അസുഖം കൂടുതലായി ഉണ്ടോ (ഉദാ:രാത്രി മാത്രം പനിക്കുക), എന്തിനോടെങ്കിലും ബന്ധപ്പെടുത്തി അസുഖത്തിന്റെ വ്യാപ്തി കൂടുകയോ കുറയുകയോ ചെയ്യുന്നുണ്ടോ (ഉദാ:ഭക്ഷണം കഴിച്ചത്തിന് ശേഷം വയറു വേദന വരിക) , അനുബന്ധ അസുഖങ്ങൾ (ഉദാ:തലകറക്കം ആയി വന്ന രോഗിയാണെങ്കിൽ അതോടൊപ്പം ഇടക്ക് ശർദ്ധി വരുന്ന കാര്യം) എന്നീ കാര്യങ്ങൾ വിശദമായി എഴുതണം.
അടുത്തത് പാസ്റ്റ് ഹിസ്റ്ററി (past history) ആണ്. പൂർവ്വ ചരിത്രം. മുൻപ് എപ്പോഴെങ്കിലും രോഗിക്ക് ഇതേ അസുഖം വന്നിട്ടുണ്ടോ എന്നുള്ള കാര്യം. തൊട്ടു പരിശോധിക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ വാചകങ്ങളിൽ കുറച്ചു കുഞ്ഞു കാര്യങ്ങൾ കൂടെ രേഖപ്പെടുത്തി വയ്ക്കണം. ഫാമിലി ഹിസ്റ്ററി(family history)_ ബന്ധുക്കളിൽ ഇതേ അസുഖം ഉള്ളവർ ഉണ്ടോ,( കാൻസർ ഹൃദയ സംബന്ധമായ അസുഖങ്ങൾ , എന്നിവയിലൊക്കെ വളരെ പ്രാധാന്യമുണ്ട്). പേർസണൽ ഹിസ്റ്ററി (personal hIstory) _പുകവലി, മദ്യപാനം തുടങ്ങി ശീല, ദുശീലങ്ങൾ ഉൾപ്പെടുന്ന വ്യക്തി വിവരങ്ങൾ ഇവിടെ എഴുതണം. ഡ്രഗ് ഹിസ്റ്ററി (drug history)യിലാണ് രോഗി കഴിച്ചു കൊണ്ടിരിക്കുന്ന മറ്റു മരുന്നു കളെക്കുറിച്ചുള്ള വിവരങ്ങൾ എഴുതേണ്ടത്. ട്രീട്മെന്റ് ഹിസ്റ്ററി(treatment history )എന്നൊരു കുഞ്ഞു തലക്കെട്ടിനകത്ത് മറ്റു ചികിത്സകൾ, ശസ്ത്രക്രിയകൾ എന്നിവയൊക്കെ സൂചിപ്പിക്കാം. എന്തേലും മരുന്നുകളൊക്കെ അലര്ജി ഉള്ള ആളാണെങ്കിൽ അതു സൂചിപ്പിക്കാൻ മറക്കരുത്. പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്ന രീതിയിൽ രേഖപ്പെടുത്തി വയ്ക്കുകയും വേണം.
പരിശോധനയിലേക്ക് വരാം:
ആദ്യം തന്നെ ഒറ്റനോട്ടത്തിൽ ഉള്ള രോഗിയുടെ കണ്ടിഷൻ നോക്കുന്നു. രോഗി ബോധാവസ്ഥയിലാണോ, അബോധാവസ്ഥയിലാണോ, ബോധമില്ലാത്ത അവസ്ഥയിലാണോ എന്നൊക്കെ. സ്ഥലകാല ബോധം ഉള്ളവനാണോ, പ്രതികരിക്കുന്നുണ്ടോ എന്നൊക്കെ ഒന്നു രണ്ടു വാചകങ്ങളിൽ രേഖപ്പെടുത്തി വയ്ക്കണം. കണ്ണിന്റെ അടിയിലത്തെ പോള തുറന്നു നോക്കുന്നതും, കൈപ്പത്തിയും വിരലുകളും തിരിച്ചും മറിച്ചും നോക്കുന്നതും , കാലിനു നീര് ഉണ്ടോ എന്ന് നോക്കുന്നതും ഒക്കെ ഡോക്ടറുടെ അടുത്ത് പോയാൽ കാണാറില്ലേ. വിളർച്ച, മഞ്ഞപ്പിത്തം, രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറയുക, മൂത്രം പോകാതിരിക്കുക, വൃക്കയ്ക്കോ ഹൃദയത്തിനോ ബുദ്ധിമുട്ട് ഉണ്ടാകുക തുടങ്ങിയവയുടെ ഒക്കെ ലക്ഷണങ്ങൾ ഈ പരിശോധനയിലൂടെ ലഭിക്കുന്നു. ഇതോടൊപ്പം തന്നെ രോഗിയുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശ്വാസോച്വാസങ്ങളുടെ എണ്ണം, ശരീര താപനില എന്നിവയും പരിശോധിച്ചു രേഖപ്പെടുത്തുന്നു. അതിനു ശേഷം പ്രധാന ശരീര പരിശോധനയാണ്. ഹൃദയം ശ്വാസകോശം ഉദര ദഹന വ്യവസ്ഥ, നാഡീ വ്യവസ്ഥഎന്നിവയിലെ പ്രധാന ലക്ഷണങ്ങൾ കണ്ടെത്തതുന്നു. അസുഖമുള്ള ഭാഗം കൂടുതൽ ആയി പരിശോധിക്കുന്നു.
പരിശോധനകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ രക്തബപരിശോധനകളോ ഇ സി ജി, സ്കാൻ പോലുള്ള മറ്റു പരിശോധനകളോ ഉണ്ടെകിൽ അതേക്കുറിച്ചു രോഗിയെ പറഞ്ഞു മനസ്സിലാക്കുകയും , രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.
രോഗനിർണ്ണയവും, രോഗത്തിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തി വച്ചതിനു ശേഷമാണ് ആവശ്യമായ മരുന്നുകൾ എഴുതുന്നത്. കഴിക്കേണ്ട അളവും, തവണകളും വിശദവും കൃത്യവുമായി എഴുതുന്നു. Rx എന്നു മരുന്നു കുറിപ്പടിയിൽ എഴുതിയിരിക്കുന്നത് കാണാറില്ലേ? 'To take' എന്നർത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് അതിന്റെ ഉത്ഭവം. കഴിക്കേണ്ട മരുന്നുകളുടെ തലക്കെട്ടായി ഇത് ഉപയോഗിക്കുന്നു.
അനുമോളുടെ സംശയത്തിന്റെ കാര്യം ഇപ്പൊ മനസ്സിലായില്ലേ. പറയുമ്പോൾ ഇത്രയൊക്കെ ഉണ്ടെങ്കിലും സമർത്ഥനായ ഡോക്ടർക്ക് ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും കാര്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിച്ചു രേഖപ്പെടുത്താൻ സാധിക്കുന്നു.
0 comments