Malayalam Version

വൈകുന്നേരങ്ങളിലെ റൗണ്ടസ് പലപ്പോഴും അഡ്മിറ്റ് ആയ രോഗികളെ കാണാൻ മാത്രമല്ല. കൂടെ ജോലി ചെയ്യുന്ന മറ്റു ഡോക്ടർമാരെ പലപ്പോഴും കാണുന്നതും ഇത്തിരി കുശലം പറയുന്നതും പരിചയം പുതുക്കുന്നതുമെല്ലാം റൂമുകളിൽ നിന്നു റൂമുകളിലേക്കുള്ള ഓട്ടത്തിനിടയിൽ പരസ്പരം കാണുമ്പോളാണ്. .

അന്ന് കണ്ടുമുട്ടി സംസാരിച്ചത് സർജനും സുഹൃത്തുമായ ഡോക്ടറുമായിട്ട്.. പകൽ സമയത്തു പരസ്പരം കാണാറുണ്ടെങ്കിലും ഒപിയിൽ കാത്തു നിൽക്കുന്ന രോഗികളെ ഓർത്തു സംസാരിക്കാൻ സമയം കളയാറില്ല.

അപ്പുറത്തെ റൂമിൽ നിന്നും ഒരു കരച്ചിലും ബഹളവും.. എന്താ അവിടെ എന്നു ഞാൻ ചെവിയോർത്തു..

RMO കുറച്ചു മുന്നേ എന്റെ കീഴിൽ അഡ്മിറ്റ് ചെയ്ത രോഗിയാണ്. ഞാൻ ഇപ്പോൾ അയാളെ കാണാൻ ആണ് പോവുന്നെ.. കിഡ്നിയിലെ കല്ല് ആണെന്നാണ് RMO സംശയം പറഞ്ഞത്. വേദനയെടുത്തു കരയുന്നതാവും.. പോയി നോക്കാം.. സർജൻ ഇതും പറഞ്ഞു അങ്ങോട്ടു നടന്നു..
മൂത്രക്കല്ലിന്റെ വേദനയ്ക്ക് ഇങ്ങനെയൊക്കെ ബഹളം വെക്കുമോ.. ഞാൻ കൂടി വരട്ടെ കൂടെ? ഒരു ആകാംക്ഷ.. എന്തായിരിക്കും എന്നറിയാൻ..

അതിനെന്താ.. വരൂ പോയി നോക്കാം.. മലയാളത്തിൽ വിശദമായി കാര്യങ്ങൾ ചോദിച്ചറിയാൻ നിങ്ങൾ വരുന്നത് എനിക്ക് സഹായകമാവും.. സർജൻ മലയാളിയല്ല.

റൂമിൽ ചെന്നു നോക്കിയപ്പോൾ ഏതാണ്ട് 50 വയസിനോടടുത്തു പ്രായമുള്ള ഒരാളാണ്.. കരച്ചിൽ എന്നു പറയാൻ വയ്യ. ആകെ ഒരു വെപ്രാളവും ബഹളവുമാണ്. നല്ല ബോധത്തിൽ അല്ല.. പറയുന്ന കാര്യങ്ങൾ ഒന്നും വ്യക്തമല്ല.. ചോദിക്കുന്നത് ഒന്നും കൃത്യമായി മനസ്സിലാവുന്നുമില്ല. കോഴിക്കോട് നിന്നു ജോലി സംബന്ധമായി ഒറ്റപ്പാലത്ത് വന്നതാണ്. കൂടെ ഉള്ളവർക്ക് കൂടുതലായി ഒന്നും അറിഞ്ഞു കൂടാ . രോഗിക്കാണെങ്കിൽ സ്വന്തം കാര്യം പറഞ്ഞു തരാൻ കഴിയുന്നുമില്ല.

കൂടെ വന്ന ആളുകളോട് തിരിച്ചും മറിച്ചും ഒക്കെ ചോദിച്ചപ്പോൾ 2 ദിവസമായി പനിയും കടുത്ത തലവേദനയും ഉണ്ടായിരുന്നു എന്ന് രോഗി പറഞ്ഞതായി അറിയാൻ കഴിഞ്ഞു.. 2 തവണ ഛർദിച്ചിരുന്നു എന്നു വേറെ ഒരാളും പറഞ്ഞു..

ഇതു കിഡ്നി കല്ലുമായി ബന്ധപ്പെട്ട പ്രശ്നം ആവാൻ സാധ്യത ഇല്ല.. പനിയും തലവേദനയും ഛർദിയും പരസ്പര ബന്ധം ഇല്ലാത്ത സംസാരവും ആണ് .. Meningitis (തലച്ചോറിലെ അണുബാധ) പോലത്തെ വല്ലതും ആയിരിക്കും.. ഞാൻ ഒന്ന് നോക്കട്ടെ?
തീർച്ചയായും.. നോക്കൂ.. ഞാൻ കൂടെ നിന്നു സഹായിക്കാം.. സർജൻ ഉടൻ അനുവാദം തന്നു.

പരിശോധിച്ചു വന്നപ്പോൾ meningitis സാധ്യത കൂടുതൽ ബലപ്പെട്ടു.. നട്ടെല്ലിൽ ഒരു ചെറിയ സൂചി കുത്തിയിറക്കി നീരു അഥവാ cerebrospinal fuild (CSF) പുറത്തെടുത്തു പരിശോധിക്കണം. അതിനു മുൻപ് ഒരു CT സ്‌കാനും എടുക്കണം. ഇങ്ങനെ കിടന്നു ബഹളം വച്ചു മറിയുന്ന രോഗിയെ സ്കാൻ ചെയ്യാനോ CSF കുത്തി എടുക്കാനോ കഴിയില്ല.. എന്തു ചെയ്യും എന്നായി അടുത്ത ആലോചന.

ഓപ്പറേഷൻ തീയറ്ററിൽ പോയി നോക്കിയപ്പോൾ ഏതു പ്രശ്നത്തിലും ഉത്സാഹത്തോടെ കൂടെ നിൽക്കുന്ന ലേഡി anesthetist അവിടെയുണ്ട്..

സ്വബോധം ഇല്ലാതെ ബഹളം വെക്കുന്ന ഒരു രോഗിയുടെ CT scan എടുക്കണം.. സ്കാൻ എടുത്തു കഴിഞ്ഞു അവിടെ വച്ചു തന്നെ എനിക്ക് lumbar puncture ചെയ്യണം.. (നട്ടെല്ലിൽ നിന്നു നീരു എടുക്കുന്ന പ്രക്രിയ) ഒരു 10 മിനിറ്റ് അതിനു വേണ്ടി വരും. മൊത്തത്തിൽ ഒരു 20 മിനിറ്റ് രോഗി അനങ്ങാതെ കിടക്കണം.. ഒന്നു സഹായിക്കാമോ ? ഞാൻ അവരോടു ചോദിച്ചു

അതിനെന്താ.. നോക്കാമല്ലോ .. പ്രതീക്ഷിച്ച മറുപടി.. അതാണ് ടീം വർക്.. ഈ ടീം വർക് ആണ് ഏതൊരു ആശുപത്രിയുടെയും വിജയം..

പെട്ടന്ന് തന്നെ രോഗിയെ സ്കാൻ റൂമിൽ എത്തിച്ചു.. 20 മിനിറ്റു നീണ്ടു നിൽക്കാൻ പാകത്തിൽ ഉള്ള ചെറിയ ഒരു anesthesia രോഗിക്ക് കൊടുത്തു. രോഗി മയങ്ങിയ ഉടനെ scan എടുത്തു. സ്കാനിൽ പ്രത്യേകിച്ചു കുഴപ്പം ഒന്നുമില്ല. തൊട്ടു പിന്നാലെ csf കുത്തി എടുത്തു.. സാധാരണ കണ്ണു നീര് പോലെ തെളിഞ്ഞിരിക്കേണ്ട CSF കലങ്ങിയിരിക്കുന്നു.. mengitis തന്നെ.. ഇത്ര കലങ്ങിയ രൂപത്തിൽ csf ആദ്യമായാണ് കാണുന്നത്.. ലാബിൽ കൊണ്ടുപോയി പരിശോധിക്കുന്ന മുന്നേ തന്നെ diagnosis വളരെ വ്യക്തം..
ഉടൻ തന്നെ അയാളെ ICU വിൽ അഡ്മിറ്റ് ചെയ്തു ചികിത്സ ആരംഭിച്ചു..

അപ്പോഴേക്കും രോഗിയുടെ ഭാര്യയും ചേട്ടനും സ്ഥലത്തെത്തി.. അവരോടു കാര്യങ്ങൾ വിശദമായി സംസാരിച്ചു..

ഡോക്ടർ.. അപകട നിലയിലാണോ ഇപ്പോൾ ഉള്ളത്?

തീർച്ചയായും.. meningitis എന്നത് വളരെ ഗൗരവമുള്ള അസുഖമാണ്..

വേറെ എങ്ങോട്ടെങ്കിലും കൊണ്ടു പോവേണ്ടതുണ്ടോ?

Meningitis ചികിൽസിക്കാൻ ലോകമെമ്പാടും സ്വീകരിച്ചു വരുന്ന ഒരു രീതിയുണ്ട്. അതു തന്നെയാണ് ഇവിടെ ഞാനും ചെയ്യാൻ പോവുന്നത്. ഈ അസുഖത്തിന്റെ ചികിത്സയ്ക്ക് വേണ്ട, എല്ലാ ആശുപത്രിയിലും ഉള്ള സൗകര്യങ്ങൾ ഇവിടെയും ഉണ്ട്. മറ്റു ആശുപത്രികളിൽ ഉള്ളതിലും കൂടുതൽ ഒന്നും ഇല്ലതാനും.. കഴിഞ്ഞ 2 വർഷത്തിനിടെ ഒരു 8_10 meningitis ഇവിടെ ഞങ്ങൾ ചികിൽസിച്ചിട്ടുണ്ട്. അവരൊക്കെ രക്ഷപ്പെട്ടിട്ടുണ്ട്..

ബന്ധുക്കളുടെ മുഖത്തു അതു കേട്ടപ്പോൾ വലിയ ആശ്വാസം. അസുഖത്തിന്റെ ഗൗരവം അവർ കുറച്ചു കാണാൻ പാടില്ല..

ഓരോ രോഗിയും ഓരോ പോലെയാണ്. നേരത്തെ ചികിൽസിച്ച ആളുകൾ രക്ഷപ്പെട്ടത് കൊണ്ടു ഈ രോഗി രക്ഷപ്പെടണമെന്നില്ല. അവരെയൊക്കെ ചികിൽസിച്ച അതേ പോലെ ഇതും നമുക്ക് ശ്രമിച്ചു നോക്കാം..

കൂടുതൽ ബന്ധുക്കൾ എത്തിയതോടെ ഒരുപാട് അഭിപ്രായങ്ങൾ പൊങ്ങി വന്നു.. ഓരോ ആളുകളും ഓരോ ആശുപത്രിയുടെ പേരും അവിടെയുള്ള ഡോക്ടർമാർ ചുട്ട കോഴിയെ പറപ്പിച്ച കഥകളുമെല്ലാം പറഞ്ഞു ഉറ്റ ബന്ധുക്കളെ ആകെ അങ്കലാപ്പിലാക്കി. വേറെ ആശുപത്രിയിലേക്ക് മാറ്റണമോ വേണ്ടയോ എന്ന് അവർക്ക് ആകെ കൺഫ്യൂഷൻ.

അതിനിടെ രോഗിയുടെ ചേട്ടൻ എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ പരിചയമുള്ള ഒരു ഡോക്ടറോട് അഭിപ്രായം ചോദിച്ചു..

അവിടെ രോഗി അഡ്മിറ്റ് ചെയ്തു എത്ര സമയമായി എന്നാണ് അവിടത്തെ ഡോക്ടർ ചോദിച്ചത്..
ഏതാണ്ട് മൂന്നു മണിക്കൂർ...
ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് meningitis കണ്ടുപിടിച്ചു ചികിത്സ തുടങ്ങിയിട്ടുണ്ടെങ്കിൽ അവർ capable ആയിരിക്കും.. അവിടെ തന്നെ തുടർന്നോളൂ എന്നായിരുന്നു അവിടെ നിന്ന് ലഭിച്ച ഉപദേശം..

എന്നാൽ അർദ്ധ രാത്രി സ്ഥലത്തെത്തിയ വേറെ ചില ബന്ധുക്കൾ വീണ്ടും ചർച്ച ചെയ്തു രോഗിയെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അവസാന തീരുമാനം എടുത്തു.. അതനുസരിച്ചു രാത്രി തന്നെ രോഗിയെ കൊണ്ടുപോവുകയും ചെയ്തു..

പിന്നീട് രണ്ടാഴ്ചക്കു ശേഷം രോഗിയുടെ ചേട്ടൻ ഒപിയിൽ വന്നു... ഇവിടെ നിന്നും ചികിത്സ സംബന്ധമായ ഒരു സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നതാണ്.
എന്തായി ഡിസ്ചാർജ് ആയില്ലേ ? ഞാൻ ആകാംക്ഷയോടെ ചോദിച്ചു..

അയാൾ തല താഴ്ത്തി.. പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.. ഇല്ല ഡോക്ടർ... ഇവിടന്നു പോയി രണ്ടാം നാൾ അവൻ മരിച്ചു...

ആ വാർത്ത ഒരു ഞെട്ടൽ ഉളവാക്കി.. meningitis മരണകാരണമായേക്കാവുന്ന അസുഖം തന്നെയാണ്.. എന്നാലും അയാൾ രക്ഷപെടും എന്നായിരുന്നു പ്രതീക്ഷ..

എനിക്ക് അതല്ല സങ്കടം.. അയാൾ തുടർന്നു.. ഡോക്ടർ പറഞ്ഞില്ലേ ഇവിടെ meningitis ചികിൽസിച്ച എല്ലാവരും രക്ഷപ്പെട്ടു എന്നു.. ഒരു പക്ഷെ അനിയനെ ഇവിടെ നിന്ന് മാറ്റിയിരുന്നില്ലെങ്കിൽ.......

ഒരു പക്ഷെ ഇവിടത്തെ ആദ്യ മരണം അതാകുമായിരുന്നു... അയാൾ പറഞ്ഞു മുഴുവനാക്കുന്നതിനു മുന്നേ ഞാൻ പറഞ്ഞു.. modern medicine ലോകത്തു എല്ലായിടത്തും ഒരുപോലെ തന്നെ.. ഇവിടെ ആയിരുന്നെങ്കിലും അവിടെ നിന്നു ലഭിച്ച അതേ ചികിത്സ തന്നെയാവും കിട്ടിയിട്ടുണ്ടാവുക..
അവിടെ അക്കാര്യം പറഞ്ഞില്ലെങ്കിൽ ഈ രോഗിക്ക് വേണ്ടി 2 ദിവസം കോഴിക്കോട്ടെ ആശുപത്രിയിൽ അദ്ധ്വാനിച്ച ഡോക്ടര്മാരോട് ഞാൻ ചെയ്യുന്ന ക്രൂരതയായിരിക്കും..

ജനങ്ങൾ പലപ്പോഴും അങ്ങനെയാണ്.. ഒരു ആപത്തു വരുമ്പോൾ ഉറച്ച തീരുമാനം എടുക്കാൻ പലർക്കും കഴിയാറില്ല.. സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളും മറ്റുള്ളവർക്ക് വേണ്ടി മൂടി വെക്കപ്പെടേണ്ടി വരുന്നു.. വിഷയത്തെ കുറിച്ചു യാതൊരു അറിവും ഇല്ലാത്ത ആളുകൾക്ക് തീരുമാനം എടുക്കാൻ അവസരം ഉണ്ടാക്കി കൊടുത്തു മാറി നിൽക്കേണ്ടി വരുന്നു.

ചില മരണങ്ങൾ അങ്ങനെയാണ്. ഭൂമിയുടെ അറ്റം വരെ ഓടിയാലും ഒഴിവാക്കാൻ കഴിയാത്തവ.. അസുഖം കൃത്യമായി നിർണ്ണയിക്കപ്പെടുകയും എല്ലാ ചികിത്സയ്ക്കും സൗകര്യം ഉണ്ടെന്നു ഡോക്ടർ ഉറപ്പു പറയുകയും ചെയ്താൽ പിന്നെ അവിശ്വസിക്കേണ്ട കാര്യം ഇല്ല.. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു പറഞ്ഞു സ്വന്തം നിലനിൽപ്പ് തന്നെ അപകടത്തിലാക്കാൻ ഒരു ഡോക്ടറും തയ്യാറാവില്ല..

ജീവിതം പോലെ തന്നെ യാഥാർഥ്യമാണ് മരണവും. ആശുപത്രികളിൽ നിന്നു ആശുപത്രികളിലേക്ക് നെട്ടോട്ടം ഓടിയത് കൊണ്ടു അതു തടയാൻ കഴിയില്ല. എല്ലാ ചികിത്സ സൗകര്യവും ഉണ്ടെന്നു ഡോക്ടർ ഉറപ്പു തന്നാൽ പിന്നെ അവർക്ക് ചികില്സിക്കാൻ വേണ്ട സൗകര്യവും മാനസിക പിന്തുണയും നൽകുകയാണ് ഉത്തരവാദിത്ത ബോധം ഉള്ള ബന്ധുക്കൾ ചെയ്യേണ്ടത്.. അതിനിടെ തിരികെ കിട്ടുന്ന ജീവിതത്തിൽ നമുക്ക് സന്തോഷിക്കാം. ഒഴിച്ചുകൂടാനാവാത്ത മരണങ്ങളിൽ സംയമനം പാലിക്കുകയും ചെയ്യാം..

Source Link

https://www.facebook.com/doc.jamal.9/posts/1609395...

Complete and Continue  
Discussion

0 comments