Malayalam Version-Snake Bite
രാത്രി 10 മണിക്കാണ് പാമ്പ് കടിയേറ്റ ചെറുപ്പക്കാരിയുമായി അവർ വരുന്നത്.. വിഷബാധയേറ്റു അവശയായിരിക്കുന്നു രോഗി..
" എത്ര സമയം ആയി കടിച്ചിട്ട്?"
"വൈകുന്നേരം 5 മണിക്ക്" ...
ഞാൻ ഞെട്ടി പോയി.. കടി കിട്ടി 5 മണിക്കൂറിനു ശേഷമാണ് ആശുപത്രിയിൽ വരുന്നത്. വിഷബാധ ഉണ്ടായാൽ ജീവിതവും മരണവും തമ്മിൽ വേർതിരിക്കുന്നത് ആദ്യ മണിക്കൂറുകൾ ആണ് . ഗോൾഡൻ ടൈം എന്ന് വേണമെങ്കിൽ പറയാം..
" അപ്പോൾ ഇത്ര സമയം എന്തെടുക്കുകയായിരുന്നു?" ഞാൻ നീരസപ്പെട്ടു ചോദിച്ചു..
"അത് ഞങ്ങൾ അവിടത്തെ പ്രശസ്തമായ വിഷ ചികിത്സാ കേന്ദ്രത്തിൽ ആയിരുന്നു.. അവർ വിഷം ഇറക്കി ഇറക്കി ഇരിക്കുകയായിരുന്നു "!!!!!
" ഇതിനെ വിഷം ഇറക്കുക എന്നാണോ പറയുക? വിഷം കയറ്റുക എന്നല്ലേ പറയേണ്ടത് ?.. ഇറക്കിയിട്ടുണ്ട്, പക്ഷെ നേരെ എതിർ ദിശയിലാ ഇറക്കിയത് എന്ന് മാത്രം" ... അടക്കി വെക്കാൻ നോക്കിയിട്ടും ഇത്ര പറയാതിരിക്കാൻ കഴിഞ്ഞില്ല..
മറുപടി മൗനം..
" വിഷം ഇറക്കിയ രോഗിയെ പിന്നെ ഇങ്ങോട്ടു പറഞ്ഞു വിടാൻ കാരണം എന്താ "?
" വിഷം ഇറങ്ങി കുറെ കഴിഞ്ഞപ്പോൾ അവൾ ഛർദിക്കാൻ തുടങ്ങി.. നോമ്പ് എടുത്ത കാരണം വയറിൽ ഗ്യാസ് കേറിയതാ ഛർദിക്കാൻ കാരണം എന്ന് വൈദ്യൻ പറഞ്ഞു.. ഒന്നുകിൽ വീട്ടിൽ കൊണ്ട് പോയി ഭക്ഷണം കൊടുക്ക്.. അല്ലെങ്കിൽ ആശുപത്രിയിൽ പോയി ഇഞ്ചക്ഷൻ എടുത്തോളൂ.." ഇതാണ് വൈദ്യൻ കൊടുത്ത ഉപദേശം..
ഏറ്റവും രസകരമായ കാര്യം ഇത് വിശ്വസിച്ചു നോമ്പിന്റെ ഗ്യാസ് മാറ്റാൻ പത്തിരിയും ഇറച്ചിയും ഒക്കെ കഴിക്കാൻ രോഗിയെ വീട്ടിലേക്കു തന്നെ കൊണ്ട് പോയി എന്നതാണ് !!!! വീട്ടിൽ എത്തി ഛർദിയും വയറു വേദനയും കൂടി വന്നപ്പോൾ ഈ സ്ത്രീയുടെ ഉമ്മ എന്റെ കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകൂ എന്ന് പറഞ്ഞു കരച്ചിൽ തുടങ്ങിയപ്പോൾ ആണ് ഇവിടെ എത്തിച്ചിരിക്കുന്നത് ...!!!!
കടിച്ചത് അണലിയാണ് .. രക്തം കട്ടയാവുന്നില്ല.. രക്ഷപെടാൻ സാധ്യത കുറവാണ്.. ഇത്രയും വൈകി മരുന്ന് കൊടുത്താലും ചിലപ്പോൾ പ്രയോജനം ഉണ്ടാവാറില്ല. ഇക്കാര്യം ഒന്ന് രണ്ടു പേരെ മാറ്റി നിർത്തി ഞാൻ സംസാരിച്ചു.. സ്വന്തം ഭാഗത്തു കനത്ത വീഴ്ച വന്നു എന്ന് മനസ്സിലായത് കൊണ്ടാവണം പിന്നെ കൂടുതൽ ചോദ്യങ്ങൾ ഉണ്ടായില്ല. സാധാരണ ഇത്തരം കാര്യങ്ങൾ മുന്നറിയിപ്പ് കൊടുക്കുമ്പോൾ എന്നാ ഞങ്ങൾ വേറെ ആശുപത്രിയിലേക്ക് കൊണ്ട് പോവാം, ഗ്യാരണ്ടി ഉണ്ടെങ്കിൽ ഇവിടെ നിൽക്കാം എന്നൊക്കെയാണ് മറുപടി കിട്ടാറ്..
ഏതായാലും ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് രോഗി രക്ഷപ്പെട്ടു. കിഡ്‌നി പ്രവർത്തനം ഏതാനും ദിവസത്തേക്ക് തകരാർ വന്നെങ്കിലും ഡയാലിസിസ് ആവശ്യം വന്നില്ല..
ഡിസ്ചാർജ് ചെയ്യുമ്പോൾ ഒരു അപേക്ഷ ഞാൻ അവരുടെ മുന്നിൽ വച്ചു.. ചികിൽസിച്ച വൈദ്യനെ ഒന്ന് കൂടി പോയി കാണുക. കയ്യേറ്റം ചെയ്യാൻ അല്ല.. (കയ്യേറ്റം ചെയ്യപ്പെടാൻ ഉള്ള അർഹത അവർക്കു ഇല്ലല്ലോ.. അത് മോഡേൺ മെഡിസിൻ ഡോക്ടർമാർക്ക് മാത്രം ഉള്ള കുത്തക അവകാശം ആണ് ) .. ദയവു ചെയ്തു മേലിൽ ആരെയും ഇങ്ങനെ ചികിത്സിക്കരുത് എന്ന് വിനീതമായി ഒന്ന് ഓർമ്മിപ്പിക്കാൻ..
ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല. കുന്നംകുളം മലങ്കര ആശുപത്രിയിൽ RMO ആയി ജോലി ചെയ്തിരുന്ന സമയത്തു കണ്ട ഒരു രോഗിയെ ഓർക്കുന്നു. വിഷം ഏറ്റു ശരീരം തളർന്നു കണ്ണ്തുറക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയ രോഗിയെ വൈദ്യൻ ആശുപത്രിയിലേക്ക് റെഫർ ചെയ്തിരിക്കുന്നു.. ചികിത്സ കൊടുക്കാൻ അല്ല. ക്ഷീണം മാറ്റാൻ ഗ്ലുക്കോസ് കയറ്റി തിരിച്ചു കൊണ്ട് ചെല്ലാൻ !!
ഇനി വിഷ വൈദ്യന്മാരുടെ ചികിത്സ രഹസ്യം എന്താണെന്നു പറയാം. നമ്മുടെ നാട്ടിലെ പാമ്പു കടികളിൽ ഭൂരിഭാഗവും വിഷമില്ലാത്ത പാമ്പുകളുടെ കടിയാണ്. ഇത്തരം രോഗികളെ വൈദ്യന്മാരുടെ അടുത്ത് കൊണ്ട് ചെന്നാൽ അവർ പണി തുടങ്ങും.. എന്തെങ്കിലും ഒക്കെ കുടിപ്പിച്ചും കഴിപ്പിച്ചും വിഷം ഇറക്കി എന്ന് പറയും.. ഇല്ലാത്ത വിഷം വൈദ്യൻ ഇറക്കുന്നു.. രോഗിയും ബന്ധുക്കളും വൈദ്യനും ഹാപ്പി. എന്നാൽ വിഷം ഉള്ള പാമ്പുകൾ ആണെങ്കിൽ കുറച്ചു കഴിയുമ്പോൾ രോഗിയുടെ നില മോശമാവും .ഉടനെ ആശുപത്രിയിലേക്ക് വിടും.. എന്നാൽ ജനങ്ങൾ മനസ്സിലാക്കാത്ത കാര്യം ഈ ആദ്യ മണിക്കൂറുകൾ ആണ് അവരുടെ വിധി നിർണയിക്കുന്നത് എന്ന പ്രധാനപ്പെട്ട വസ്തുതയാണ്.
മേൽ പറഞ്ഞ ഈ സ്ത്രീയെ ചികിൽസിച്ച വൈദ്യനു വിഷ ചികിത്സയുടെ അടിസ്ഥാന പാഠം പോലും അറിയില്ല എന്ന് ഉറപ്പു. രോഗി ചർധിക്കുന്നതും വയറു വേദനയും നോമ്പ് കൊണ്ടല്ല വിഷം കൊണ്ടാണെന്നു പോലും മനസിലാക്കാൻ കഴിയാത്ത വിഷ വൈദ്യൻ!!! ഇത്തരം ആളുകളെ കണ്ണടച്ച് വിശ്വസിച്ചു ഓടി ചെല്ലാൻ കുറെ കഴുതകളും..
ഈ ഒരു പോസ്റ്റ് കൊണ്ട് ഈ സമൂഹം മാറാൻ പോവുന്നില്ല എന്നറിയാം. എന്നാലും ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ ഉള്ള ഒരു ബാധ്യത നിറവേറ്റി എന്ന് മാത്രം.
Source Link:https://www.facebook.com/doc.jamal.9/posts/1037497...
0 comments