Module-5 Malayalam

എച്ച്.ഐ.വി ഭാഗം 5 

എച്ച്.ഐ.വി അണുബാധ ഇന്ത്യയിൽ പ്രബലമായ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. ഇതിനെ നിയന്ത്രിക്കാൻ, കേന്ദ്ര ആരോഗ്യവകുപ്പ് 1992 ൽ തുടങ്ങിയ ദേശീയ സംഘടനയാണ് NACO ( National AIDS control organisaton ). ഇരുപത്തിയൊന്ന് ലക്ഷത്തോളം എച്ച്.ഐ.വി ബാധിതർ ഇന്ത്യയിലുണ്ടെന്നാണ് NACOയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും, സംസ്ഥാന തല എച്ച്.ഐ.വി നിയന്ത്രണ സംഘടനകളും നിലവിലുണ്ട്. ഇതിൻ്റെ കീഴിൽ വരുന്ന സേവനങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

സൗജന്യ എച്ച്.ഐ.വി രക്തപരിശോധനയും കൗൺസലിംഗും 

സൗജന്യ എച്ച്.ഐ.വി ചികിത്സയും മരുന്നുകളും 

എച്ച്.ഐ.വി അനുബന്ധ രോഗങ്ങൾക്ക് സൗജന്യ മരുന്നുകൾ 

സമാന എച്ച്.ഐ.വി ബാധിതരുടെ കൂട്ടായ്മയും സംഘടനയും 

സുരക്ഷിതരക്തം ഉറപ്പാക്കാൻ രക്തബാങ്കുകൾക്കു സഹായം 

ലൈംഗികതൊഴിലാളികൾ, അന്യ സംസ്ഥാന തൊഴിലാളികൾ, സ്വവർഗാനുരാഗികൾ എന്നിവരെ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനവും, രക്ത പരിശോധനകളും 

എച്ച്.ഐ.വി ബാധിതർക്ക് ചെറിയ കാലയളവിലേക്ക് താമസ സൗകര്യവും ആരോഗ്യ പരിചരണവും ലഭ്യമാക്കുന്ന കേന്ദ്രങ്ങൾ 

ഈ സേവനങ്ങൾ എച്ച്.ഐ.വി ബാധിതർക്ക് നൽകുന്നത് വിവിധ സർക്കാർ കേന്ദ്രങ്ങളിലൂടെയാണ്. 

1 ) ICTC ( ജ്യോതിസ്സ്) : താലൂക്ക് -ജില്ലാ ആശുപത്രികളിലും, മെഡിക്കൽ കോളേജുകളിലും സൗജന്യ എച്ച്.ഐ.വി പരിശോധനയും അനുബന്ധ കൗൺസലിംഗും നൽകുന്ന കേന്ദ്രങ്ങളാണിവ.


2 ) ART സെന്‍റർ ( Anti Retroviral Treatment ) അഥവാ 'ഉഷസ്' : സൗജന്യമായ എച്ച്.ഐ.വി മരുന്നുകളും ചികിത്സയും ഇവിടെ നിന്ന് ലഭിക്കുന്നു. ഒരു ICTC ലാബിൽ നിന്നുള്ള പോസിറ്റിവ് പരിശോധനാഫലവും, ഒരു ഐഡൻറിറ്റി തെളിവും ഉണ്ടെങ്കിൽ ഉഷസ്സിൽ രജിസ്റ്റർ ചെയ്യാം. കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും വിദഗ്ധ സേവനം ഇവിടെ ലഭ്യമാണ്.കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും, കാസർകോട് ജില്ലാ ആശുപത്രിയിലും, എറണാകുളം ജനറൽ ആശുപത്രിയിലും ART സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്.CD 4 പരിശോധനയും ഇവിടെ സൗജന്യമായി ചെയ്യുന്നു. 


3 ) എച്ച്.ഐ.വി പോസിറ്റിവ് വ്യക്തികളുടെ സംഘടന ( വിഹാൻ ):

സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടന, എച്ച്.ഐ.വി പോസിറ്റിവ് വ്യക്തികൾക്ക് സംഗമിക്കാനുള്ള അവസരം ഉണ്ടാക്കുന്നു. സമാന ആരോഗ്യ പ്രശ്നങ്ങൾ, നേരിടേണ്ടി വരുന്ന സാമൂഹിക പ്രശ്നങ്ങൾ എന്നിവ ഇവിടെ പങ്കുവെക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പലവിധ ആനുകൂല്യങ്ങളും എച്ച്.ഐ.വി ബാധിതർക്ക് ലഭ്യമാക്കാൻ സംഘടന ശ്രമിക്കുന്നു. 


4 ) ലൈംഗിക രോഗ ചികിത്സാ കേന്ദ്രങ്ങൾ ( പുലരി) : 

സർക്കാർ താലൂക്ക്, ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ത്വക്ക് രോഗ വിഭാഗത്തോടനുബന്ധിച്ച്‌ 'പുലരി' ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. 


5 ) ART Plus കേന്ദ്രങ്ങൾ : രണ്ടാംഘട്ട എച്ച്.ഐ.വി ചികിത്സ ലഭിക്കുന്ന ART കേന്ദ്രങ്ങളെയാണ് ART Plus കേന്ദ്രങ്ങൾ എന്ന് പറയുന്നത്. ആദ്യഘട്ട ചികിത്സാ പരാജയം ഉണ്ടായ വ്യക്തികളെ ഇങ്ങോട്ടു റഫർ ചെയ്യുന്നു. വിശദമായ പരിശോധനയ്ക്കും, അവലോകനത്തിനും ശേഷം, രാണ്ടാം ഘട്ട ചികിത്സയെക്കുറിച്ചും, തുടർന്നുള്ള മരുന്നുകളെക്കുറിച്ചും ഇവിടെ തീരുമാനിക്കുന്നു. തുടർന്ന് മരുന്നുകൾ, ഈ വ്യക്തികൾക്ക് അടുത്ത ART കേന്ദ്രത്തിൽ നിന്നും തന്നെ മാസത്തിൽ ലഭ്യമാക്കും.


6 ) ലിങ്ക് ART കേന്ദ്രങ്ങൾ : ART കേന്ദ്രങ്ങൾ ഇല്ലാത്ത ജില്ലയിലെ എച്ച്.ഐ.വി ബാധിതർക്ക് മാസംതോറും മരുന്നുകൾ വാങ്ങാൻ ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനായാണ് ഈ കേന്ദ്രങ്ങൾ. മരുന്നുകൾ തുടങ്ങി ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാതെ തുടരുന്ന വ്യക്തികൾക്ക് ഇവിടെ നിന്നും തുടർന്ന് മരുന്നുകൾ വാങ്ങാം. വയനാട്, മലപ്പുറം ജില്ലകളിലൊക്കെ ഇത്തരം സൗകര്യങ്ങൾ നിലവിലുണ്ട്.


എച്ച്.ഐ.വി മേഖലയിൽ അനേകം ഗവേഷണസംരംഭങ്ങൾ ഇന്ന് നടന്നു കൊണ്ടിരിക്കുന്നു. എച്ച്.ഐ.വി അണുബാധയുള്ള വ്യക്തികളിൽ നിന്നും വൈറസിനെ പൂർണമായും ചികിൽസിച്ചു മാറ്റാൻ പ്രാപ്തിയുള്ള ഔഷധം കണ്ടെത്തുന്നതിനായി ശാസ്ത്രലോകം നിതാന്ത പരിശ്രമത്തിലാണ്. ഇപ്പോൾ നിലവിലുള്ള മരുന്നുകൾ, ശരീരത്തിൽ സജീവമായി പെരുകുന്ന വൈറസുകളെ നശിപ്പിക്കാൻ കെല്പുള്ളവയാണ്. പെരുകുവാനായി വൈറസ് സ്വയം ഉപയോഗപ്പെടുത്തുന്ന എൻസൈമുകളെയും, ആ പ്രക്രിയയിലെ ഓരോ ഘട്ടത്തെയും ഈ മരുന്നുകൾ ലക്‌ഷ്യം വെച്ച് പ്രവർത്തിക്കുന്നു. എന്നാൽ,ചെറിയൊരു ശതമാനം വൈറസുകൾ, ശരീരത്തിൽ കാലങ്ങളോളം,നിഷ്ക്രിയമായി, പെരുകാതെ 'ഉറങ്ങി'കിടക്കുന്നവയാണ്. ഇവ സജീവമായി പെരുകാത്തതു കൊണ്ട് തന്നെ, ഇവയെ നശിപ്പിക്കാൻ നിലവിലുള്ള മരുന്നുകൾ കൊണ്ട് സാധ്യമല്ല. 'ഉറങ്ങി'കിടക്കുന്ന ഈ കോശങ്ങൾ പിന്നീട് സജീവമാക്കുന്നത് കൊണ്ടാണ്, എച്ച്.ഐ.വി പൂർണമായും ഭേദമാക്കുവാൻ സാധിക്കാത്തതും, എന്നാൽ നിയന്ത്രണ വിധേയമാക്കി നിർത്താൻ സാധിക്കുന്നതും. ഇവിടെയാണ്, ഒരു എച്.ഐ.വി വാക്സിൻ്റെ സാധ്യതയെ കുറിച്ച് ശാസ്ത്രലോകം ചന്തിക്കാൻ പ്രേരിതരായത്. എച്ച്.ഐ.വി വരാതിരിക്കാൻ വേണ്ടിയുള്ള ( preventive vaccine ) വാക്സിൻ അല്ല, മറിച്ച്, എച്ച്.ഐ,വി ബാധിതരുടെ ശരീരത്തിൻ്റെ പ്രതിരോധ ശക്തി ഉത്തേജിപ്പിച്ച്, അതിലൂടെ 'ഉറങ്ങുന്ന' നിഷ്ക്രിയ എച്ച്.ഐ.വി വൈറസുകളെ, ശരീരത്തിൻ്റെ പ്രതിരോധ വ്യവസ്ഥയെ കൊണ്ട് തന്നെ നശിപ്പിക്കാൻ പ്രാപ്തമാക്കുന്ന വാക്സിനുകൾ ( therapeutic vaccine ), ഇതിനായി എച്ച്.ഐ.വി ആൻ്റിബോഡികൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ഇത്തരം വാക്‌സിനോടൊപ്പം, നിലവിലുള്ള മരുന്നുകൾകൂടി പ്രയോഗിക്കുകയാണെങ്കിൽ, സജീവമായ വൈറസ്സുകളെയും, നിഷ്ക്രിയമായവയെയും പൂർണമായി നശിപ്പിക്കുവാൻ സാധിക്കും. 

ഗവേഷണം നടക്കുന്ന മറ്റു മേഖലകളിലൊന്ന് ദീർഘകാല മരുന്നുകളാണ്. ദിവസവും കഴിക്കേണ്ട മരുന്നുകൾ പലർക്കും സ്വീകാര്യമല്ലാത്തതു കൊണ്ട് , ആഴ്ചയിലോ, മാസത്തിലോ നൽകാവുന്ന, ദീർഘകാലം ശരീരത്തിൽ പ്രവർത്തിക്കുന്ന മരുന്നുകൾ വികസിപ്പിക്കാൻ ശ്രമങ്ങളുണ്ട്. ഗുളികകൾക്കു പകരം കുത്തിവെയ്പ്പുകളായോ, തൊലിപ്പുറത്ത് ഒട്ടിക്കാവുന്ന പാച്ച് ആയോ, ശരീരത്തിൽ ഘടിപ്പിക്കാവുന്ന ഉപകരണത്തിലൂടെയോ (implants) മരുന്നുകൾ ലഭ്യമാക്കാൻ സാധിക്കുമോയെന്നും ഗവേഷണം ചെയ്തു വരുന്നു. 

എച്ച്.ഐ.വി വരാതിരിക്കാൻ,തുടർച്ചയായി മരുന്നുകൾ കഴിക്കുന്ന രീതി ( pre- exposure prophylaxis ) ഇന്ന് അമേരിക്കയിൽ ചിലയിടങ്ങളിൽ ചെയ്തു വരുന്നുണ്ട്. ഉറ (condom) ഉപയോഗിക്കാൻ വിസമ്മതിക്കുന്ന സ്വവർഗ്ഗാനുരാഗികളിലാണ് ഈ പ്രതിരോധരീതി അവിടെ സ്വീകരിച്ചു കണ്ടിട്ടുള്ളത്.

എച്ച്.ഐ.വിക്കു എതിരെ ഒരു സമ്പൂർണ്ണ ഔഷധത്തിനായി, ലോകത്തിൻ്റെ പല കോണുകളിലും, വിദഗ്ധ ഗവേഷകരുടെ നേതൃത്വത്തിൽ, ശരിയായ ദിശയിൽ തന്നെയുള്ള പഠനങ്ങൾ നടക്കുന്നു എന്നത് പ്രതീക്ഷയ്ക്കു വക നൽകുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ, മറ്റു മഹാമാരികളെ പിടിച്ചുകെട്ടിയ അതെ രീതിയിൽ, എച്ച്.ഐ.വിയെയും ആധുനികവൈദ്യശാസ്ത്രം വരുതിയിലാക്കും എന്ന് പ്രത്യാശിക്കാം.

Complete and Continue  
Discussion

0 comments