മഴ വരുമ്പോൾ..
മഴ വരുമ്പോൾ..
"മഴപ്പാറല് കൊള്ളല്ലേ, പനി പിടിക്കും.."
അതും പറഞ്ഞു പലതുള്ളികളായി പെയ്തിറങ്ങുന്ന മഴയിലേക്ക് ഉമ്മാമ്മ ഇറങ്ങിപ്പോകും. മഴ കൊള്ളാതെ ഞങ്ങളെയൊക്കെ ഭദ്രമായി വീട്ടിലിരുത്തിയിട്ടാണ് പെരുമഴയെ വക വയ്ക്കാതെ ഇറങ്ങിപോകുന്നത്. പറമ്പിന്റെ അതിരില് പുല്ലു മേയാൻ കെട്ടിയ പശുവും, മുറ്റത്തെ കുറ്റിയിൽ നിന്നു വട്ടം ചുറ്റുന്ന ആട്ടിന്കുട്ടിയും, അനുസരണ കാട്ടാതെ നടക്കുന്ന കോഴികളും ഉമ്മാമ്മയെ കാത്ത് മഴ നനഞ്ഞു നിൽപ്പുണ്ടാകും. എല്ലാവരെയും സംരക്ഷിച്ചു തിരിച്ചു വരുമ്പോഴേക്ക് ഉമ്മാമ്മ നനഞ്ഞു കുതിർന്നിരിക്കും. സാരിയുടെ തുമ്പിൽ നിന്നും , ത്രികോണ തട്ടത്തിന്റെ കോണുകളിൽ നിന്നും വെള്ളം ചാലിട്ട് ഒഴുകുന്നുണ്ടാകും. തലതുടച്ചു വന്നു പൊടിയരിക്കഞ്ഞിയും ചക്കപ്പുഴുക്കും ചട്ടിയില് വറ്റിയ മീൻ കറിയും വിളമ്പിത്തന്നു ഉമ്മാമ്മ ഞങ്ങളുടെ ഒപ്പമിരിക്കും. കഥകൾക്ക് കൂട്ടിന് ഉപ്പാപ്പയുമുണ്ടാകും. ചക്കക്കുരു ചുട്ടതും കട്ടൻകാപ്പിയും കഴിച്ചു വിശപ്പ് മാറ്റിയ കുട്ടിക്കാല മഴയോർമ്മകളും, വെള്ളം കയറി വീട് നില്ക്കുന്ന താഴത്തെ പറമ്പ് വരെ തോണി വന്നതും, മലവെള്ളത്തിൽ ഒലിച്ചു പോയി എന്ന് കരുതിയ കൂട്ടുകാരനെ കൈതക്കാട്ടിൽ നിന്നു പിറ്റേ ദിവസ്സം കിട്ടിയതും ഒക്കെ ആയി കഥകൾ നീളും..മഴയിലിറങ്ങി കളിക്കുമ്പോഴും, ചൂട് വെള്ളം കുടിക്കാതെ പച്ച വെള്ളം കുടിക്കണമെന്നു വാശി പിടിക്കുമ്പോഴും ഞങ്ങളെ പ്രതിരോധിക്കാൻ പനിക്കഥകളും, കോളറ ക്കഥകളും ഉണ്ടാകും ഉപ്പാപ്പയുടെ കയ്യിൽ..
പിന്നെ നാലാം ക്ലസ്സിൽ വച്ചു , രവി മാഷാണ് പണ്ടൊരു വെള്ളപ്പൊക്കക്കാലത്ത് സ്‌കൂൾ മുങ്ങിപ്പോയ കഥകൾ പറഞ്ഞു തന്നത്. ബെഞ്ചും ഡെസ്കുമൊക്കെ ഒഴുകിപ്പോയതും, മേൽക്കൂര വരെ വെള്ളം കയറി തോണിയിറക്കിയതുമൊക്കെ.
വർഷങ്ങൾക്കിപ്പുറം പോണ്ടിച്ചേരിയിൽ വച്ചു ഹോസ്റ്റൽ കാലത്താണ് വെള്ളപ്പൊക്കം ഏറ്റവും അടുത്തെത്തി പേടിപ്പിച്ചത്. ഹോസ്റ്ലിന്റെ ഒന്നാം നിലയിൽ വെള്ളം കയറി വന്നതൊക്കെ ഭീതിയോടെ നോക്കി നിന്നിട്ടുണ്ട്.
മഴയിലേക്ക് തിരിച്ചു വരാം. മനോഹരമായ കാലമാണെങ്കിൽ കൂടെ , മഴക്കാലം രോഗങ്ങളുടെ കാലം കൂടെയാണ്. പണ്ടൊക്കെയാണെങ്കിൽ പട്ടിണിയുടെ കാലം കൂടെയായിരുന്നു. ഇന്നിപ്പോ സ്ഥിതി മാറിയിട്ടുണ്ട്. അന്നുള്ളതിനെക്കാൾ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. ( അത് കൂടുതൽ മെച്ചപ്പെടുത്തലാണ് നമ്മുടെ ലക്ഷ്യവും). മഴക്കാലം ഇങ്ങു എത്തിയല്ലോ, മഴക്കാല രോഗങ്ങളെ ഒന്നു ഓടിച്ചു നോക്കിയിട്ട് വരാം.
പ്രധാന മഴക്കാല ആരോഗ്യ പ്രശ്നങ്ങൾ:
ജലജന്യ രോഗങ്ങൾ(water borne diseases)_വയറിളക്കം ആണിതിൽ പ്രധാനിയും, സാധാരണമായി കണ്ടു വരുന്നതും. ഹെപ്പറ്റൈറ്റിസ് വൈറസ് വഴി വരുന്ന മഞ്ഞപ്പിത്തം, ടൈഫി ബാക്ടീരിയ ഉണ്ടാക്കുന്ന ടൈഫോയ്ഡ്, വിബ്രിയോ കോളറ ബാക്ട്ടീരിയയുടെ സൃഷ്ടിയായ കോളറ എന്നിവയാണ് മറ്റു മുഖ്യന്മാർ. അശുദ്ധമായ വെള്ളവും ഭക്ഷണവും വഴിയാണ് ഈ അസുഖങ്ങൾ പടരുന്നത്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, വഴിയോരങ്ങളിൽ നിന്നുള്ള വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ നിന്നുള്ള വെള്ളം കുടിക്കാൻ ഉപയോഗിക്കാതിരിക്കുക , ഭക്ഷണം തുറന്നിടാതെ അടച്ചു വയ്ക്കുക, ഭക്ഷണത്തിൽ ഈച്ച വന്നിരിക്കാതെ സൂക്ഷിക്കുക, പഴകിയ ഭക്ഷണങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ. ചെറിയ വയറിളക്കത്തിനു വീട്ടിൽ വച്ചു ചെയ്യാവുന്ന കാര്യങ്ങൾ ഉപ്പിട്ട കഞ്ഞിവെള്ളം, ഒ ആർ എസ് ലായനി എന്നിവ ഉപയോഗിച്ചു നിർജലീകരണം തടയുക എന്നുള്ളതാണ്. നിർജലീകരണം കൂടുതൽ ആയി ഉണ്ടാവുക, രോഗി അവശ നിലയിൽ ആവുക, വിട്ടു മാറാത്ത പനി എന്നിവ കാണുന്ന സാഹചര്യത്തിൽ അടിയന്തിര വൈദ്യ സഹായം തേടണം.
Vector borne disease അഥവാ വാഹക ജീവികൾ വഴി പടരുന്ന അസുഖങ്ങൾ ആണ് ഡെങ്കി പനി , എലിപ്പനി, മലേറിയ, ചിക്കൻ ഗുനിയ തുടങ്ങിയവ. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുട്ടയിടുന്ന പെണ് അനോഫെലക്‌സ് കൊതുകുകളാണ് മലേറിയക്കു കാരണമാകുന്നത്. പനി, വിറയൽ, ശരീര വേദന, ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ചിക്കൻ ഗുനിയക്കു കാരണമാകുന്നത്. പനി , തലവേദന, കഠിനമായ സന്ധി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈഡിസ് കൊതുകുകൾ വഴി പടരുന്ന മറ്റൊരു അസുഖമാണ് ഡെങ്കിപനി. പനി, ശരീര വേദന, സന്ധി വേദന, ചൊറിച്ചിൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കൊതുകുകൾ വളരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക, കൊതുക് കടി കൊള്ളാതെ സൂക്ക്ഷിക്കുക എന്നിവയാണ് ചെയ്യേണ്ട കാര്യങ്ങൾ. വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ വൃത്തിയാക്കുക, ചിരട്ട,റെഫ്രിജറേറ്റർ എയർ കണ്ടീഷണർ എന്നിവയുടെ ഭാഗമായി വെള്ളം കെട്ടി നിൽക്കുന്ന ഇടങ്ങളിൾ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് ഒഴിവാക്കുക എന്നിവ മഴക്കാലം വരുന്നതിനു മുൻപ് ചെയ്തു തുടങ്ങേണ്ട കാര്യങ്ങളാണ്. ലെപ്‌ടോ സ്പൈറ ജനുസ്സിൽ പെട്ട ഒരിനം സൂക്ഷ്മ ജീവി മനുഷ്യരിൽ ഉണ്ടാക്കുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി. എലികളാണ് പ്രധാന രോഗവാഹകർ. തലവേദന , പനി , ശർദ്ധി, പേശി വേദന എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. രോഗാണു വാഹകരുടെ മൂത്രം കലർന്ന വെള്ളം മനുഷ്യശരീരത്തിലെ മുറിവുകളിലൂടെയോ മറ്റോ സമ്പർക്കത്തിൽ വരികയും രോഗാണു മനുഷ്യ ശരീരത്തിൽ എത്തുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ പ്രത്യേകിച്ചു കർഷകർ , മഴക്കാലത്ത് പാടങ്ങളിലിറങ്ങി ജോലി ചെയ്യുന്നവർ എന്നിവർ കാലുറ ധരിയ്ക്കുകയോ, ശരീരത്തിലെ പോറലുകളിൽ മലിനജലം ആകാതെ സൂക്ഷിക്കുകയും ചെയ്യുക.
മഴക്കാലത്ത് തൊലിപ്പുറത്ത് കണ്ടു വരുന്ന മറ്റൊരു ആരോഗ്യ പ്രശ്നമാണ് വളം കടി. കാൽ വിരലുകൾക്കിടയിലെ തൊലിപ്പുറത്ത് ഉണ്ടാകുന്ന പൂപ്പൽബാധ അഥവാ അണുബാധയാണ് ഇതിനു കാരണം. കാലുകൾ വൃത്തിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കുക. ആവശ്യ ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശത്തോടെ അനുനാശക മരുന്നുകൾ ഉപയോഗിക്കുക.
ശ്വാസം മുട്ടൽ , ആസ്തമ തുടങ്ങിയ അസുഖമുള്ളവർക്ക് മഴക്കാലങ്ങളിൽ അസുഖം വർധിക്കുന്നതായി കണ്ടു വരാറുണ്ട്. ഈർപ്പം വർധിക്കുക, വീടിനകത്തും വസ്ത്രങ്ങളും പൂപ്പൽ ബാധ ഉണ്ടാവുക എന്നിവ രോഗത്തിന് ആക്കം കൂട്ടുന്നു.
സന്ധി വേദന ഉള്ളവരിൽ , പ്രത്യേകിച്ചു പ്രായമായവരിൽ മഴക്കാലങ്ങളിൽ ബുദ്ധിമുട്ട് വർധിക്കുന്നതായി കാണാം. ചൂട് വെള്ളത്തിൽ കുളിക്കുക, ചെറു വ്യായാമങ്ങൾ ചെയ്യുക എന്നീ മാർഗങ്ങളിലൂടെ ഒരു പരിധി വരെ അസുഖത്തിന്റെ കാഠിന്യം കുറയ്ക്കാം.
പനി എന്നത് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മഴക്കാലത്ത് സാധാരണമായി കണ്ടു വരുന്ന പനിയാണ് വൈറൽ പനി. മൂന്നു മുതൽ ഏഴ് ദിവസം വരെ നീണ്ടു നിൽക്കുന്ന പനിയോടൊപ്പം ചുമയും ജലദോഷവും കണ്ടുവരുന്നു. വിശ്രമം, ലഘു ഭക്ഷണം, ധാരാളം വെള്ളം കുടിക്കുക, എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുക, ഡോക്ടറുടെ നിർദേശ പ്രകാരം മരുന്നു കഴിക്കുകയും ചെയ്യുക. പനി എന്നത് വലിയ വിഷയമായത് കൊണ്ട് പനികളെക്കുറിച്ചു മറ്റൊരു കുറിപ്പിൽ വിശദമായി എഴുതുന്നതാണ്. വായനക്കാർക്ക് മനോഹരമായ ആരോഗ്യമുള്ളൊരു മഴക്കാലം ആശംസിക്കുന്നു.
0 comments