[ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ സമിതി അംഗം ഡോക്ടർ ശ്രീജിത്ത് എൻ കുമാർ എഴുതുന്നു ]

ലിഗയുടെ ഘാതകൻ

വ്യക്തമായ സൂചനകൾ അവഗണിക്കുന്നതിന് ചിലപ്പോൾ ജീവൻ തന്നെ വിലയായി നൽകേണ്ടി വന്നേക്കാം.

ഏതാനം വർഷം മുമ്പ് തലസ്ഥാന നഗരിയിലെ ഒരു യുവതി ട്രൈനിൽ നിന്ന് വീണ് മരണപ്പെട്ടത് വലിയ വാർത്തയായിരുന്നു. അന്ന് ഏഷ്യാനെറ്റിൽ പൾസ് എന്ന പരിപാടി ഞാൻ ചെയ്ത് വന്നിരുന്നു. വാർത്താപ്രാധാന്യമുള്ള സംഭവങ്ങളുടെ മെഡിക്കൽ വശം ചർച്ച ചെയ്യുക എന്നൊരു പതിവ് പൾസിനുണ്ടായിരുന്നു. 'മലയാളി സ്ത്രീകളിലെ ആത്മഹത്യ' എന്ന വിഷയം അങ്ങനെയാണ് ചർച്ചയ്ക്ക് വന്നത്. പ്രശസ്ത സൈകോളജിസ്റ്റ് നവമാമണി മാഡവും , മനോരോഗ ചികിത്സ വിദഗ്ദൻ ഡോ ബാരിയുമായിരുന്നു അതിഥികൾ.

വളരെ പഠിപ്പുള്ള തിരുവനന്തപുരത്തെ യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ആഭരണങ്ങളുമൊക്കെ വാങ്ങിയിരുന്നു. ട്രൈയിനിൽ സുഹൃത്തിനോടൊപ്പം യാത്ര ചെയ്ത യുവതിയെ പുലർച്ച കാണാതായി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അവർ രാത്രി ട്രൈയിനിൽ നിന്ന് ചാടിയതായറിഞ്ഞത്. കേരളത്തെ നടുക്കിയ സംഭവമായിരുന്നു. ചർച്ച തുടങ്ങി വച്ച നവമാമണി മാഡം പറഞ്ഞു, " മറ്റൊന്നും തോന്നരുത്, ഇത് ആത്മഹത്യ അല്ല, അങ്ങനെ എനിയ്ക്ക് തോന്നുന്നില്ല". ഞാൻ നടുങ്ങി. ആത്മഹത്യയയൊ, കൊലപാതകമോ എന്നതായിരുന്നില്ല വിഷയം. പോലീസും, നാട്ടുകാരും, പത്രങ്ങളുമൊക്കെ ആത്മഹത്യ എന്ന് പറയുമ്പോൾ അതിനെതിരെ പറഞ്ഞു വിവാദമുണ്ടാക്കാൻ എനിക്ക് ഒട്ടും താത്പര്യവുമുണ്ടായിരുന്നില്ല.

മാഡം വിടുന്ന മട്ടില്ല. എന്ത് കൊണ്ട് ആത്മഹത്യയായിരിക്കില്ല എന്ന് അക്കമിട്ട് നിരത്തി സമർത്ഥിക്കുവാൻ അവർ ശ്രമിച്ചു.

1 ആത്മഹത്യ ചെയ്യുന്ന ആൾക്ക് വിഷാദമായിരിക്കും, ഇവർ സന്തോഷവതിയായിരുന്നു.
2. പലരും മുൻകൂട്ടി തന്നെ കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ടാകും. ചിലപ്പോൾ പ്രാക്ടീസ് പോലും ചെയ്തിട്ടുണ്ടാകും.
3. ‎ ഇതെ കുറിച്ചുള്ള സൂചനകൾ പല രീതിയിലും പലർക്കും നല്കിയിരിക്കും. കുരയ്ക്കും പട്ടി തന്നെയാണിവിടെ കടിക്കുന്നത്.
4. ‎ സ്വന്തം സാധനങ്ങൾ പലർക്കും വിതരണം ചെയ്യും. മറ്റുള്ളവരിൽ നിന്നെടുത്ത വസ്തുക്കൾ മടക്കി നല്കും.

ഇതൊന്നും ചെയ്യാതിരുന്ന പ്രസ്തുത യുവതി ആത്മഹത്യ ചെയ്തിരിക്കാനുള്ള സാധ്യത വളരെ വിരളമെന്ന് നവമാമണി മാഡം പറഞ്ഞു വച്ചു. പരിപാടി സംപ്രേക്ഷണവും ചെയ്തു. ഏറെ മാസങ്ങൾക്ക് ശേഷം ആ യുവതിയുടെ മരണം കൊലപാതകമായിരുന്നു എന്ന് തെളിഞ്ഞു. ഒരു പക്ഷെ അത് ആദ്യം അനുമാനിച്ചത് ഒരു മനശാസ്ത്ര വിദഗ്ദയായിരുന്നു. ആത്മഹത്യയ്ക്ക് വൃക്തമായ സൂചനകളുണ്ടാകുമെന്ന് സാരം.

പൊതുവിൽ മനോരോഗങ്ങളോടും, ചികിത്സയോടും പലർക്കും പുച്ഛമാണ്. ഇത് ഒരു രോഗമായി കാണുവാനോ , ശാസ്ത്രീയമായി ചികിത്സിക്കുവാനോ സമൂഹം തയ്യാറല്ല. അജ്ഞതയാണ് ഹേതു. ആത്മഹത്യ അറിയുന്നവർ പലരും കാരണം തിരക്കാറുണ്ട്. പരീക്ഷ തോറ്റതാണോ, കടം കയറിയതാണോ എന്നൊക്കെ. ആത്മഹത്യയ്ക്കുള്ള ഏറ്റവും പ്രധാന കാരണം വിഷാദ രോഗമാണ് എന്ന് പലപ്പോഴും നാം തിരിച്ചറിയുന്നില്ല. ഇത് തന്നെയാണ് മദ്യപാനത്തിനും, പുകവലിക്കുമൊക്കെ ആക്കം കൂട്ടുന്നതും. ചെറിയ കാരണങ്ങളുടെ പെരുപ്പം കൂട്ടുന്നതും വിഷാദ രോഗം തന്നെ. ഭൂരിഭാഗം പേരിലും ശാസ്ത്രീയ ചികിത്സയിലൂടെ വിഷാദരോഗത്തിന് വളരെ ആശ്വാസം നൽകുവാനാകുമെന്നത് പലരും അറിയുന്നില്ല.

അടുത്തിടെ ഒരു സുഹൃത്ത് ഫേസ് ബുക്കിൽ കുറിച്ചു. ജീവിതം വഴി മുട്ടിയാൽ എന്ത് ചെയ്യണം? പലരും കളിയാക്കി ചിരിച്ചു. ഫലിതം നിറഞ്ഞ ഉത്തരങ്ങൾ നല്കി. എത്രയും പെട്ടന്ന് അവനോട് സംസാരിക്കണമെന്ന് കരുതിയതാണ്. പക്ഷെ അവൻ ഒട്ടും സമയം തന്നില്ല. അടുത്ത ദിവസം അറിയുന്നത് അവൻ ജീവനൊടുക്കി എന്നാണ്.

പൾസിൽ തന്നെ ഡോ ജയറാം, എന്ന പ്രശ്സ്ത മനോരോഗ വിദഗ്ദൻ നിരവധി തവണ പറഞ്ഞത് ഞാനോർക്കുന്നു - ആത്മഹത്യയ്ക്കൊരുങ്ങുന്നവന്റെ വിലാപം കേൾക്കാതെ പോകരുത്. അതൊരു കത്താകാം, ഫേസ് ബൂക്ക് പോസ്റ്റാകാം , ഫോൺ വിളിയാകാം. അർദ്ധരാത്രിയിൽ ഒരു ദിവസം ഒരു രോഗി അദ്ദേഹത്തെ വിളിച്ചു പറഞ്ഞത്രെ -"ഡോക്ടറെ ഞാൻ ജീവിതം അവസാനിപ്പിക്കുന്നു" എന്ന്. അദ്ദേഹം പറഞ്ഞു - "നമുക്ക് പരിഹരിക്കാം, രാവിലെ എന്നെ ഒന്ന് കൂടി വിളിക്കൂ". അദ്ദേഹത്തിന്റെ ദൃഢസ്വരം അവന് പ്രതീക്ഷ നൽകി. അവൻ ശ്രമം ഉപേക്ഷിച്ചു. അല്പം സാന്ത്വനം , ചെറിയ ഒരു വാക്ക് ഇതു മതി പലപ്പോഴും ഒരു ജീവൻ രക്ഷിക്കാൻ. അവന്റെ പ്രശ്നം യഥാർത്ഥ മാണെന്നു നാമറിയുന്നുവെന്നും, അതിന് പരിഹാരത്തിനായി ഒപ്പമുണ്ടാകുമെന്നുമുള്ള ചെറിയ ഒരു ആശ്വസിപ്പിക്കൽ തന്നെ ഏറെ പ്രയോജനം ചെയ്യും.

ഏറ്റുവും പ്രധാനം വിഷാദരോഗം വെറും ചിന്തയല്ല എന്നും ചികിത്സിക്കേണ്ട രോഗമാണ് എന്നുമുള്ള തിരിച്ചറിവാണ്. കോവളത്ത് മരണപ്പെട്ട ലിഗ എന്ന വിദേശ വനിതയുടെ മരണകാരണം ആത്മഹത്യ തന്നെയാണോ എന്നറിയില്ല. അവർക്ക് കടുത്ത വിഷാദമായിരുന്നു എന്ന് സഹോദരി പറഞ്ഞുവത്രെ. എങ്കിൽ അവർ അതിന് ചികിത്സ തേടിയിരുന്നോ? മരുന്ന് കഴിച്ചിരുന്നുവോ? ഇല്ല , എന്നാണ് ഉത്തരമെങ്കിൽ, അവരുടെ ജീവൻ പൊലിയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് വിഷാദരോഗം തന്നെ. ഇനിയൊരു ലിഗ ഉണ്ടാകരുത്. ഇനിയും വിഷാദരോഗം അറിയാതെ പോകരുത്, ചികിത്സിക്കപെടാതെയും.

This health infonet blog post is sourced from Dr Sreejith N kumar's Facebook post and reproduced here with permission.

Dr Sreejith N Kumar is a Medical Doctor, specialising in Diabetes care and passionate on scientific and affordable public health

The source fb post link is https://www.facebook.com/drsnkumar/posts/170004522...

Dr Sreejith N Kumar